തുറന്നുകിടന്ന കുഴൽകിണറിലേക്ക് എടുത്തുചാടി ബാലികയെ രക്ഷിച്ച് യുവാവ്, അഭിനന്ദനങ്ങൾക്ക് നടുവിൽ സൂര്യവംശി
text_fieldsമുംബൈ: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലിക തുറന്നുകിടന്ന ആ കുഴൽക്കിണറിനുള്ളിലേക്ക് വീഴുന്നത് പൊടുന്നനെയാണ് സൂര്യവംശിയുടെ ശ്രദ്ധയിൽപെട്ടത്. പിന്നെ ഒന്നും ചിന്തിച്ചില്ല. കാലിലെ ഷൂ പോലും അഴിച്ചുമാറ്റാൻ നിൽക്കാതെ ആ യുവാവ് ഒരാൾക്ക് ഇറങ്ങാൻ മാത്രം വിസ്താരമുള്ള കിണറിലേക്ക് എടുത്തുചാടി. പന്ത്രണ്ടടി ആഴമുള്ള കിണറ്റിൽ മുങ്ങിപ്പോയ എട്ടുവയസ്സുകാരിയെ രക്ഷിച്ച് സൂര്യവംശി ലോഖണഡ്വാലയിലെ അപ്നാ ഘർ സൊസൈറ്റി അഞ്ചാം നമ്പർ യൂനിറ്റിലെ മുഴുവൻ താമസക്കാരുടെയും അഭിനന്ദനങ്ങൾക്ക് പാത്രമായി.
ഡ്രൈവറായി ജോലി ചെയ്യുന്ന സൂര്യവംശി വൈകീട്ട് വാഹനം പാർക് ചെയ്യാൻ സൊസൈറ്റി ഓഫിസിനടുത്തെത്തിയപ്പോഴാണ് സംഭവം. 'ആറുമണി കഴിഞ്ഞതേയുള്ളൂ. കാർ നിർത്തി മടങ്ങാനൊരുങ്ങുകയായിരുന്നു ഞാൻ. അപ്പോഴാണ് കുട്ടികൾ കളിച്ചിരുന്ന പന്ത് സൊസൈറ്റി ഓഫിസിന്‍റെ മുകളിൽ കുടുങ്ങിയത്. ഇതെടുക്കാൻ വാച്ച്മാൻ മേൽക്കൂരക്ക് മുകളിൽ കയറി. അദ്ദേഹം എടുത്തുകൊടുത്ത പന്ത് വീണത് ആ കിണറിനു മുകളിലെ കട്ടിയില്ലാത്ത മൂടിയിലായിരുന്നു. പെൺകുട്ടി അതെടുക്കാൻ ശ്രമിച്ചതും മൂടി തകർന്ന് അവൾ കിണറിലേക്ക് വീണു.
അതോടെ, പുറത്തുണ്ടായിരുന്ന ബാഗ് മാറ്റിവെച്ച് ഷൂ പോലും മാറ്റാൻ നിൽക്കാതെ ഞാൻ കിണറിലേക്ക് ചാടുകയായിരുന്നു. കാൽകൊണ്ട് ആ കുഞ്ഞ് എവിടെയാണെന്ന് തിരഞ്ഞു. എന്‍റെ കാൽ ദേഹത്ത് തട്ടിയ നിമിഷംതന്നെ അവളെ വെള്ളത്തിൽനിന്ന് പൊക്കിയെടുത്തു. കിണറിലെ പൈപ്പിൽപിടിച്ചുനിന്ന് ആ കുഞ്ഞിനെ പുറത്തെത്തിക്കുകയായിരുന്നു.' -സൂര്യവംശി പറഞ്ഞു. എന്നാൽ, സംഭവത്തിനുപിന്നാലെ സുരക്ഷയെച്ചൊല്ലി സൊസൈറ്റിയിൽ കടുത്ത അഭിപ്രായഭിന്നയതകൾ ഉടലെടുത്തിരിക്കുകയാണ്. തുറന്നുകിടന്ന കിണർ കഴിഞ്ഞ ദിവസം അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.