ഒ.ടി.പി പോലും പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് വൻതുക; പുറത്ത് വരുന്നത് പുതിയ സൈബർ തട്ടിപ്പ് രീതി
text_fieldsമുംബൈ: സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാനായി ഒ.ടി.പികൾ ആരെങ്കിലും വളിച്ച് ആവശ്യപ്പെട്ടാൽ നൽകരുതെന്ന് ബാങ്കുകാരും സർക്കാറും മറ്റും നമ്മെ ഓർമിപ്പിക്കാറുണ്ട്. എന്നാൽ ഒരു ഒ.ടി.പി പോലും വരാതെ സ്വന്തം അക്കൗണ്ടിൽ നിന്ന് മുക്കാൽ ലക്ഷം രൂപ കവർന്നാലോ. അത്തരമൊരു കേസാണ് പോവായ് പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയിലേക്ക് സൈബർ ക്രിമിനലുകൾ മാറിയതായാണ് വിദഗ്ധൻമാർ മുന്നറിയിപ്പ് നൽകുന്നത്. ജൂൺ 27ന് 45കാരനായ പ്രദീപ് പ്രഭാകർ പ്രഭാത ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
'ഗൂഗിളിൽ കണ്ട റോമ കഫേയുടെ നമ്പറിൽ ഞാൻ വിളിച്ചു. ഫോൺ എടുത്ത വ്യക്തി ഉടൻ തന്നെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു. രണ്ടുമിനിറ്റുകൾക്കകം എനിക്ക് തിരിെക കാൾ വന്നു. പേമെന്‍റ് എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പണമായി നൽകാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ മറുതലക്കൽ ഉണ്ടായിരുന്നയാൾ കോവിഡ് ആയതിനാൽ ഓൺലൈൻ പേമെന്‍റ് മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് ഒരു ലിങ്ക് അയച്ചു തന്നു'-പ്രദീപ് പ്രഭാകർ വിശദീകരിച്ചു.
'സ്പ്രിങ് എസ്.എം.എസ് ആപ്പിന്‍റെ ഡൗൺലോഡ് ലിങ്ക് ആയിരുന്നു അത്. എസ്.എം.എസ് ഫോർവേഡിനായി ഞാൻ ഒരാളുടെയും നമ്പർ ചേർത്തില്ല. എന്നാൽ ആപ്പ് ഡൗൺലോഡായതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടതായി സന്ദേശങ്ങൾ വരാൻ തുടങ്ങി. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്തു. 350 രൂപയുടെ പ്രാതലാണ് ഞാൻ ഓർഡർ ചെയ്തിരുന്നത്. ഫോണിൽ സംസാരിച്ചയാൾ വളരെ മാന്യമായിട്ടായിരുന്നു ഇടപെട്ടത്. അത് തട്ടിപ്പാണെന്ന് ഞാൻ അറിഞ്ഞില്ല' -പ്രദീപ് പ്രഭാകർ പറഞ്ഞു.
വിഷയത്തിൽ ബാങ്ക് അധികൃതരുമായ തർക്കിച്ച പ്രദീപ് ഒടുവിൽ പ്രശ്നപരിഹാരത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇത് പുതിയൊരു തട്ടിപ്പ് രീതിയാണെന്നും സർക്കാർ ഇതേ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കണമെന്നും പ്രമുഖ സൈബർ സുരക്ഷവിദഗ്ദനായ റിതേഷ് ഭാട്ടിയ പറഞ്ഞു.
'ഒ.ടി.പി പങ്കുവെക്കരുതെന്ന സത്യം ഉപയോക്താക്കളുടെ മനസിൽ പതിഞ്ഞതോടെയാണ് തട്ടിപ്പുകാർ പുതിയ വഴികൾ തേടിയത്. എസ്.എം.എസ് ഫോർവേഡിങ് ആപ്പുകൾ വഴിയാണ് പുതിയ ചതിക്കുഴികൾ ഒരുക്കുന്നത്. സ്പ്രിങ് എസ്.എം.എസ് പോലെയുള്ള ആപ്പുകൾ അവർ അറിയാതെ മൊബൈലിലും മറ്റും ഇൻസ്റ്റാൾ ചെയ്യുന്നു. തട്ടിപ്പിനിരയാക്കപ്പെട്ടവരുടെ നമ്പറിലേക്ക് വരുന്ന എല്ലാ എസ്.എം.എസുകളും മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതോടെ ബാങ്ക് ഒ.ടി.പി അടക്കം എളുപ്പത്തിൽ ദുരുപയോഗം ചെയ്ത് പണം തട്ടാം'-ഭാട്ടിയ പറഞ്ഞു.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റേറിലും ഇത്തരം ആപ്പുകൾ അധികം ലഭ്യമല്ലെങ്കിലും അവ ഇൻസ്റ്റാൾ ചെയ്യുേമ്പാൾ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രഭാകറിന്‍റെ കേസിൽ തട്ടിപ്പുകാരൻ ഒ.ടി.പി സ്വന്തമാക്കിയ രീതി പഠിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.