പൊലീസ് ജീപ്പ് 'അടിച്ചുമാറ്റി' ഓടിച്ചത് 112 കി.മീ; ആഗ്രഹം സാധിച്ച് ലോക്കപ്പിലായി നാഗപ്പ
text_fieldsഹുബ്ബള്ളി: ദീർഘകാല ആഗ്രഹം പൂർത്തീകരിക്കാൻ പൊലീസ് ജീപ്പ് മോഷ്ടിച്ച് 112 കിലോമീറ്റർ ഓടിച്ച 45കാരൻ അറസ്റ്റിൽ. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം.
ലൈസൻസ് കിട്ടിയതുമുതൽ അനേകം വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെങ്കിലും പൊലീസ് ജീപ്പ് ഓടിക്കണമെന്ന ആഗ്രഹമായിരുന്നു നാഗപ്പക്ക്. ലോജിസ്റ്റിക് കമ്പനിയിലെ ഡ്രൈവറായ നാഗപ്പ നിരവധി ട്രക്കുകളും വാഹനങ്ങളുമായി സംസ്ഥാനം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളിലും ഇദ്ദേഹം യാത്ര നടത്തിയിരുന്നു. എന്നാൽ, പൊലീസ് ജീപ്പ് ഓടിക്കണമെന്ന ആഗ്രഹം മാത്രം വർഷങ്ങൾ കഴിഞ്ഞിട്ടും നടന്നില്ല.
അനുവാദം വാങ്ങി പൊലീസ് ജീപ്പ് ഓടിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ മോഷ്ടിച്ച് ഓടിക്കാനായി നാഗപ്പയുടെ ശ്രമം. അതിനായി ഇടക്കിടെ അന്നിഗേരി നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിസരത്ത് ഇയാൾ റോന്തുചുറ്റി. ചൊവ്വാഴ്ച വെളുപ്പിന് മൂന്നരയോടെ ജീപ്പ് മുറ്റത്ത് കിടക്കുന്നത് കണ്ടതോടെ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെത്തി. വെളുപ്പിനായതിനാൽ സ്റ്റേഷനകത്ത് രണ്ടു പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർ പട്രോളിങ്ങിലുമായിരുന്നു.
അന്നിഗേരി പി.എസ്.ഐ എൽ.കെ. ജുലക്കട്ടി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകുന്നതിന് മുമ്പായി വാഹനം സ്റ്റേഷൻ മുറ്റത്ത് നിർത്തിയിടുകയായിരുന്നു. ജീപ്പിന്റെ ഡോർ പൂട്ടിയിട്ടുണ്ടായിരുന്നില്ല. ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നപ്പോൾ താക്കോലും വാഹനത്തിൽതന്നെയുണ്ടായിരുന്നു. താക്കോൽ കണ്ടതോടെ പൊലീസ് ജീപ്പ് ഓടിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നാഗപ്പ തീരുമാനിച്ചു. പൊലീസുകാർ ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി ഈ സമയം ജീപ്പുമായി നാഗപ്പ കടന്നുകളഞ്ഞു. അന്നിഗേരി നഗരത്തിൽനിന്ന് 112 കിലോമീറ്റർ അകലെയുള്ള മോട്ടെബെന്നൂർ ബ്യാദ്ഗിക്ക് സമീപമെത്തിയ ശേഷമാണ് നാഗപ്പ വാഹനം നിർത്തിയത്. വാഹനത്തിന് സമീപത്തുനിന്ന് കടന്നുകളയാൻ കൂട്ടാക്കാതെ സമീപത്തുതന്നെ ഇരിക്കുകയും ചെയ്തു.
പൊലീസുകാർ സമീപത്തില്ലാതെ പൊലീസ് ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് കണ്ട പ്രദേശവാസികൾ ബ്യാദ്ഗി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അവർ അന്നിഗേരി സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നതായും പ്രതി മനഃപൂർവം വാഹനം അവിടെ നിർത്തിയിടുകയായിരുന്നുവെന്നും ധാർവാഡ് എസ്.പി കൃഷ്ണകാന്ത് പറഞ്ഞു. വാഹനം മോഷ്ടിച്ചത് എന്തിനാണെന്ന ചോദ്യത്തിന് നാഗപ്പക്ക് കൃത്യമായ മറുപടിയില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി പറഞ്ഞു. നാഗപ്പക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഇയാളുടെ ആദ്യത്തെ കേസാണെന്നും മറ്റൊരു പൊലീസുകാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.