സംബാൽപൂർ മൃഗശാലയിൽ ഒടുവിൽ ‘നരഭോജി രാജ’ പ്രണയിനിയെ കണ്ടെത്തി
text_fieldsഭുവനേശ്വർ: വനംവകുപ്പ് രക്ഷപ്പെടുത്തി സംബാൽപൂർ മൃഗശാലയിൽ എത്തിച്ച നരഭോജിയായ പുള്ളിപ്പുലി ഒടുവിൽ അവിടെ പ്രണയിനിയെ കണ്ടെത്തി. നുവാപാഡയിൽ നിന്നുള്ള ഏഴു മുതൽ എട്ടു വയസ്സ് വരെ പ്രായമുള്ള രാജ എന്ന വിളിപ്പേരുള്ള പുള്ളിപ്പുലി ശനിയാഴ്ച മൃഗശാലക്കുള്ളിൽ ആറ് വയസ്സുകാരിയായ റാണിയുമായി പരിലസിക്കുന്നത് വനം ഉദ്യോഗസ്ഥരിൽ സന്തോഷം പകർന്നു.
2022ൽ നുവാപാഡ ജില്ലയിൽ രണ്ടുപേരെ കൊല്ലുകയും ഒരാളെ പരിക്കേൽപിക്കുകയും ചെയ്‌തതിനെ തുടർന്ന് 2023 നവംബർ 5ന് വനപാലകർ രാജയെ പിടികൂടി. തുടർന്ന് നവംബർ 8ന് ഹിരാകുഡ് വന്യജീവി ഡിവിഷന്റെ കീഴിലുള്ള സംബാൽപൂർ മൃഗശാലയിലെ രക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. വനത്തിൽനിന്ന് രക്ഷപ്പെടുത്തി എത്തിച്ച റാണിയും ഇവിടെ ഉണ്ടായിരുന്നു. രാജയെ കാണുന്നതുവരെ സെല്ലിൽ തനിച്ചായിരുന്നു റാണി.
സംബാൽപൂർ മൃഗശാലയിലെ 11 മാസത്തെ ക്വാറന്റെയ്നുശേഷം 2024 സെപ്റ്റംബർ 9ന് പെൺപുലിയെ പുറത്തുവിട്ടുവെന്ന് ഹിരാക്കുഡ് വൈൽഡ് ലൈഫ് ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അൻഷു പ്രഗ്യാൻ ദാസ് പറഞ്ഞു.എന്നാൽ രണ്ടുപേരെയും പരിചയപ്പെടാനും ജോടിയാകാനുള്ള സാധ്യത വർധിപ്പിക്കാനും ശാരീരിക ബന്ധമില്ലാതെ വെവ്വേറെ സൂക്ഷിച്ചു. പെരുമാറ്റ പഠനത്തിനായി 24 മണിക്കൂറും നിരീക്ഷണത്തിലാക്കി. പതിയെ റാണിയും രാജയും പരസ്പരം പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ഒരു മാസത്തോളം അവരുടെ സൗഹൃദപരമായി ആശയവിനിമയം നിരീക്ഷിച്ചു. രണ്ടു മാസത്തോളം അവയുടെ പെരുമാറ്റം നിരീക്ഷിച്ച ശേഷം അനുയോജ്യരാണെന്ന് കണ്ടെത്തിയതിനാൽ ഞങ്ങൾ ശനിയാഴ്ച അവരെ ഒന്നിച്ചു വിട്ടയച്ചു- അൻഷു ദാസ് പറഞ്ഞു.
ഒരേ ചുറ്റുപാടിൽ ഇറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ റാണി ശ്രദ്ധാപൂർവം രാജയെ സമീപിക്കുന്നതായി കണ്ടു. രണ്ട് പങ്കാളികളിൽ നിന്നും താഴ്ന്നതും ഉയർന്നതുമായ മുറുമുറുപ്പും കേട്ടു. സംബൽപൂർ മൃഗശാലയിലെ സന്ദർശകർ പോലും ഈ ശൃംഗാര കാഴ്ച കണ്ടുനിന്നു. ആൺ പുള്ളിപ്പുലി സാധാരണയായി ഒന്ന് മുതൽ അഞ്ച് ദിവസം വരെ പെണ്ണുമായി ഇണചേരുമെന്ന് കരുതുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.