മഹാരാഷ്ട്രയിലെ നരഭോജി കടുവയെ വെടിവെച്ചുകൊന്നു
text_fieldsയവത്മൽ (മഹാരാഷ്ട്ര): റാലിഗനിലെ ബൊരാട്ടി വനമേഖല ഇളക്കിമറി ച്ച് ഇരുനൂറോളം തിരച്ചിലുകാരും പരിശീലനം ലഭിച്ച നായ്ക്കളും, ഗ്ലൈഡറും കാമറ ട്രാപ്പും ഡ്രോണുമടങ്ങുന്ന സന്നാഹങ്ങളും ഒപ്പം ഉന്നംതെറ്റാത്ത വെടിക്കാരൻ അസ്ഗർ അലിയും ഇറങ്ങിയതോടെ അവനി വീണു.
മഹാരാഷ്ട്ര വനംവകുപ്പിനെയും വനാതിർത്തിയിലെ ജനങ്ങളെയും രണ്ടുവർഷമായി ഭീതിയിലാഴ്ത്തിയിരുന്ന, അവനിയെന്ന് നാട്ടുകാർ പേരിട്ട ആറുവയസ്സുകാരി പെൺകടുവയെ വെടിവെച്ചുവീഴ്ത്തിയതായി അധികൃതർ ശനിയാഴ്ച വെളിപ്പെടുത്തി. അവനിയെന്ന സുന്ദര നാമത്തോടൊപ്പം നരഭോജിയെന്ന വിളിപ്പേരുകൂടിയുണ്ട്, 2016 മുതലിങ്ങോട്ട് 13 പേരെ കൊന്നുതിന്ന ഇൗ കടുവക്ക്.
അതേസമയം, ഒമ്പതു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളെ അനാഥരാക്കി അവനിയെ തോക്കിനിരയാക്കിയതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. മയക്കുവെടി വെച്ച് പിടികൂടാൻ എല്ലാ ശ്രമവും നടത്തിയിട്ട് പരാജയപ്പെട്ടാൽ മാത്രമേ ജീവനെടുക്കാവൂ എന്ന കോടതി നിർദേശം പാലിക്കപ്പെട്ടില്ലെന്നും ആരോപണമുയർന്നു.
‘‘വനം വകുപ്പിെൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ, പേരുകേട്ട ഷാർപ്പ് ഷൂട്ടർ നവാബ് ശഫാഅത്ത് അലിയുടെ മകനും വിദഗ്ധ വെടിക്കാരനുമായ അസ്ഗർ അലിയുടെ വെടിയേറ്റ് അവനി ജീവൻ വെടിഞ്ഞിരിക്കുന്നു’’ -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജഡം പോസ്റ്റ്മോർട്ടത്തിനായി നാഗ്പുരിലെ ഗോരെവാദ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.
നരഭോജി കടുവയെ വെടിവെക്കാമെന്ന ബോംബെ ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെ, വനംവകുപ്പ് തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അവസാന മാർഗമായി മാത്രമേ വെടിവെക്കാവൂ എന്ന നിർദേശം, വനംവകുപ്പ് വാടകക്ക് എടുത്ത വെടിക്കാരൻ ലംഘിച്ചുവെന്നും ചിലർ ആരോപിക്കുന്നു. ഇതിനോട് അധികൃതർ പ്രതികരിച്ചിട്ടില്ല.കൊലപ്പെടുത്തിയവരുടെ ശരീരത്തിെൻറ 60 ശതമാനത്തിലധികം കടുവ ഭക്ഷിച്ചതിനാൽ ഇതിനെ നരഭോജി ഗണത്തിൽ പെടുത്താമെന്ന വനംവകുപ്പിെൻറ വാദം കോടതി അംഗീകരിച്ചിരുന്നു.
അതേസമയം, 13 പേരെയും കൊന്നത് അവനിയല്ലെന്നും മേഖലയിലെ എല്ലാ വന്യമൃഗ ആക്രമണങ്ങളും ഇൗ കടുവയുടെ പേരിൽ ചാർത്തുകയായിരുന്നുവെന്നും പ്രകൃതിസ്നേഹികൾ ആരോപിക്കുന്നുണ്ട്. ഇതിനിടെ, കടുവയെ കൊന്നതിനെതിരെ പ്രകൃതിസ്നേഹികൾ ഒാൺലൈൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അവനിയുടെ രണ്ടു കുഞ്ഞുങ്ങളെ കൊല്ലുന്നതിൽനിന്ന് തടയണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.