35 വർഷത്തെ കാത്തിരിപ്പ്; ജഗജിതിന് പ്രളയം സമ്മാനിച്ചത് മരിച്ചെന്ന് കരുതിയ അമ്മയെ
text_fieldsപാട്യാല: പ്രളയം പലരുടെയും ജീവനും ജീവിതവും കവരുന്ന ദുരന്തമാകാറുണ്ടെങ്കിലും ജഗജിത് സിംഗിന് പ്രളയം തന്‍റെ ജീവിതത്തിന്‍റെ തുടക്കമായിരുന്നു. ജീവിതത്തിൽ ഒരിക്കലും കാണാനാകില്ലെന്ന് കരുതിയ അമ്മയെ 35 വർഷങ്ങൾക്ക് ജഗജിതിന് തിരികെ നൽകിയത് പഞ്ചാബിലെ പ്രളയമാണ്.
ഇക്കഴിഞ്ഞ ജൂലൈ 20നായിരുന്നു സിനിമയെ പോലും വെല്ലുന്ന കൂടിക്കാഴ്ച നടക്കുന്നത്. ജഗജിതിന് ആറ് മാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരണപ്പെടുന്നത്. പിന്നാലെ അമ്മ ഹർജിത് കൗർ മറ്റൊരു വിവാഹം ചെയ്തതോടെ ജഗജിതിനെ അച്ഛന്‍റെ മാതാപിതാക്കൾ അവരോടൊപ്പം കൂട്ടി. കുട്ടിക്കാലം മുതൽക്കേ അച്ഛനും അമ്മയും വാഹനാപകടത്തിൽ മരിച്ചുപോയെന്നായിരുന്നു അവർ ജഗജിതിനെ പഠിപ്പിച്ചത്. പഞ്ചാബിൽ കനത്ത മഴയും പ്രളയവുമുണ്ടായതോടെ രക്ഷാപ്രവർത്തനത്തിന് ഒരു എൻ.ജി.യോടൊപ്പം പട്യാലയിലെത്തിയതാണ് ജഗജിതിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്.
അമ്മയുടെ സ്നേഹവും വാത്സല്യവും അനുഭവിക്കുക എന്നത് ഒരു സ്വപ്നം മാത്രമായി കണ്ടിരുന്ന ജഗജിതിനോട് റിലീഫ് ഓപറേഷനിടെ പിതൃസഹോദരിയാണ് ജഗജിതിന്‍റെ അമ്മയുടെ തറവാട് പാട്യാലയിലാണെന്ന് പറയുന്നത്. ബോഹൊപൂരിലാണ് അവർ താമസിക്കുന്നതെന്ന് കൂടിയറിഞ്ഞതോടെ മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ടുപിടിച്ച് അമ്മയിലേക്കെത്താൻ ജഗജിതിനും തിടുക്കമായി. ബോഹാർപൂരിലെത്തിയ ജഗജിത് ആദ്യം പരിചയപ്പെടുന്നത് മുത്തശ്ശി പ്രീതം കൗറിനെയായിരുന്നു. പ്രീതമിനോട് സംസാരിക്കുന്നതിനിടെയാണ് തന്‍റെ മകൾക്ക് ആദ്യ വിവാഹത്തിൽ ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും അവനെക്കുറിച്ച് അറിവില്ലെന്നും അവർ പറയുന്നത്. വർഷങ്ങളായി അമ്മയിൽ നിന്നും വേർപിരിക്കപ്പെട്ട മകൻ താനാണെന്ന് പറഞ്ഞതോടെ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. നടക്കാൻ കഴിയാത്ത അമ്മയെ കാണുമ്പോൾ വർഷം മുപ്പത്തിയഞ്ച് പിന്നിട്ടിരുന്നു.
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന വിവരം ജഗജിത് അറിയുന്നത്. പേരുമാത്രമായിരുന്നു കുട്ടിക്കാലത്ത് ജഗജിതിന് അമ്മയെ കുറിച്ചുണ്ടായിരുന്ന ഓർമ. തന്നെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കണ്ടിട്ടുണ്ടെങ്കിലും അത് തന്‍റെ അമ്മയാണെന്നും ചിത്രമാണെന്ന് പോലും ജഗജിതിന് അറിവുണ്ടായിരുന്നില്ല.
മുത്തശ്ശി പ്രീതം കൗറാണ് ജഗജിതിനെ അമ്മ ഹർജിതിനടുത്തെത്തിക്കുന്നത്. കണ്ടയുടനെ കെട്ടിപ്പിടിച്ച് കരയുകയല്ലാതെ ഇരുവർക്കും മറുത്തൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുമ്പോൾ ജഗജിതിന് മുപ്പത്തിയേഴ് വയസ് പ്രായമായിരുന്നു. എട്ടും, പതിനാലും വയസുള്ള രണ്ട് കുട്ടികളുടെ അച്ഛനും കൂടിയായിരുന്നു ജഗജിത്. തന്‍റെ ഭാര്യയോടും മക്കളോടുമൊപ്പമാണ് ജഗജിത് അമ്മയെ കാണാനെത്തിയത്. അമ്മയെ കണ്ടത്തിയതിന്‍റെ ദൃശ്യങ്ങളും ജഗജിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.