മർദനമേറ്റ മുസ്ലിം കച്ചവടക്കാരന് വേണ്ടി പ്രതിഷേധിച്ചവർക്ക് പാക് ബന്ധം - മധ്യപ്രദേശ് മന്ത്രി
text_fieldsഭോപ്പാൽ: ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കച്ചവടം നടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിന് ക്രൂര മർദനം നേരിട്ട സംഭവത്തിൽ പുതിയ വാദമുഖവുമായി ബി.ജെ.പി മന്ത്രി. സംഭവത്തിൽ പ്രതിഷേധിച്ചവർക്ക് പാക് ബന്ധമുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ നരോട്ടം മിശ്ര ആരോപിച്ചു.
''വിഷയത്തിൽ പ്രതിഷേധിച്ച അൽതമാസ് ഖാൻ എന്നയാൾക്ക് ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി ബന്ധമുണ്ട്. വളക്കച്ചവടക്കാരനെതിരായ മർദനത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച ഇയാളടക്കമുള്ള നാലുപേർ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പാകിസ്താനുമായി ബന്ധമുള്ളവരാണ്. മധ്യപ്രദേശിലെ സമാധാനം തകർക്കലാണ് ഇവരുടെ ലക്ഷ്യം'' -നരോട്ടം മിശ്ര പ്രതികരിച്ചു.
മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള ഗോവിന്ദ് നഗറിൽ വളക്കച്ചവടം നടത്തിയ 25കാരൻ തസ്ലീമിനുനേരെയാണ് ആഗസ്റ്റ് 22ന് ആക്രമണമുണ്ടായത്. ഹിന്ദു ഏരിയയിൽ ഇനി മേലിൽ വരരുതെന്നും ഞങ്ങളുടെ പെങ്ങൻമാരും പെൺമക്കളും വരുന്നയിടത്ത് വള വിൽക്കുകയാണോ എന്നും ചോദിച്ചായിരുന്നു മർദനം. ക്രൂരമായി മർദിച്ച ശേഷം യുവാവിന്‍റെ കച്ചവട സാധനങ്ങളും നശിപ്പിച്ചു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ഇമ്രാൻ പ്രതാപ്ഗഢി രംഗത്തെത്തി.
എന്നാൽ സംഭവം വർഗീയ ആക്രമണമല്ലെന്ന വിശദീകരണവുമായി നരോട്ടം മിശ്ര നേരത്തെതയും രംഗത്തെത്തിയിരുന്നു. മുസ്ലിം കച്ചവടക്കാരൻ പേര് മറച്ചുവെച്ച് ഹിന്ദുപേരിൽ കച്ചവടം നടത്തുകയായിരുന്നെന്നും സാവൻ ഉത്സവത്തിന് ഞങ്ങളുടെ പെൺമക്കൾ ധരിക്കുന്ന വളകളും മെഹന്തിയും വിൽക്കുകയായിരുന്നെന്നും നരോട്ടം മിശ്ര പറഞ്ഞു. അതുകൊണ്ടാണ് അക്രമണം ഉണ്ടായതെന്നും വർഗീയ നിറം നൽകരുതെന്നും മിശ്ര കൂട്ടിച്ചേർത്തു. സംഭവത്തിൽ വലിയ പ്രതിഷേധവുമായി ജനങ്ങൾ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചതോടെ പ്രതികൾക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.