ചത്ത ഉടുമ്പിനെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ; കാരണമറിഞ്ഞ് അമ്പരന്ന് പൊലീസ്!!
text_fieldsമുംബൈ: അക്സ ബീച്ചിനുസമീപം ചത്ത ഉടുമ്പിനെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പ്രദേശവാസികൾ നൽകിയ വിവരത്തെത്തുടർന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. അക്സ ബീച്ചിൽ ലൈഫ് ഗാർഡായി ജോലി ചെയ്യുന്ന നാഥുറാം സൂര്യവംശിയാണ് ഉടുമ്പ് കടത്തിനെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. കടൽത്തീരത്തുള്ള കുറ്റിക്കാടിലൂടെ നടക്കുമ്പോൾ ഉടുമ്പുമായി യുവാവ് നിൽക്കുന്നത് കാണുകയായിരുന്നു. ലൈഫ് ഗാർഡിനെ കണ്ടപ്പോൾ, ഉടുമ്പിനെ പ്ലാസ്റ്റിക് ബാഗിലേക്ക് ഇട്ടു. സൂര്യവംശി ഉടൻ തന്നെ വനം വകുപ്പിനെയും ലോക്കൽ പൊലീസിനേയും വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഉടുമ്പ് ചത്തതായി കണ്ടെത്തിയത്.
'ഔഷധ ആവശ്യങ്ങൾക്കായും' മാംസം കഴിക്കാനും എണ്ണ എടുക്കാനും ഉദ്ദേശിച്ചാണ് ചത്ത ഉടുമ്പിനെ കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ഗോരഖ് യാദവ് (35)നെ അറസ്‌റ്റ് ചെയ്‌തു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വനം വകുപ്പിന്റെ മുംബൈ റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാകേഷ് ഭോയർ പറഞ്ഞു. സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.
മുട്ട്, സന്ധി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് ഉടുമ്പ് ഇറച്ചി ആശ്വാസം നൽകുമെന്ന് വിശ്വാസമുണ്ട്. ഇതിനാണ് മാംസത്തിനും എണ്ണയെടുക്കാനും വേണ്ടി ഉടുമ്പിനെ പിടികൂടി കൊന്നതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു. ഉടുമ്പ്, ഈനാമ്പേച്ചി, കുറുക്കൻ, കരടി, ആമ, മൂങ്ങ തുടങ്ങി പല ജീവജാലങ്ങളേയും വിവിധ വിശ്വാസങ്ങളുടെ പേരിൽ വേട്ടയാടാറുണ്ട്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും മൂലം ഉണ്ടാകുന്ന വന്യജീവി കടത്ത് കുറയ്ക്കുന്നതിനായി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും അവബോധം വളർത്തണമെന്ന് കോർബറ്റ് ഫൗണ്ടേഷന്റെ ഡയറക്ടർ കേദാർ ഗോർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.