തഹസിൽദാർ ചോദിച്ചത് മിനറൽ വാട്ടർ, കടയുടമ നൽകിയത് ബാറ്ററി വാട്ടർ
text_fieldsകുൽഗാം: മിനറൽ വാട്ടർ ചോദിച്ച് വന്ന തഹസിൽദാർക്ക് കടയുടമ നൽകിയ ഒരു കുപ്പി ബാറ്ററി ആസിഡ് നിറച്ചത്. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. ഡി.എച്ച് പോറ തഹസിൽദാർ നിയാസ് അഹ്മദ് ഭട്ട് ആണ് ബാറ്ററി വെള്ളം കുടിച്ച് ആശുപത്രിയിലായത്.
കറുപ്പ് കൃഷി നശിപ്പിക്കാനാണ് ഇന്ന് രാവിലെ തഹസിൽദാർ നിയാസ് അഹ്മദ് ഭട്ടും റവന്യൂ സംഘവും കുൽഗാമിലെത്തിയത്. കൃഷി നശിപ്പിച്ച ശേഷം മടങ്ങിവരവെ റോഡിന് സമീപത്തെ കടയിലെത്തി ഒരു കുപ്പി കുടിവെള്ളം നിയാസ് അഹ്മദ് ഭട്ട് ആവശ്യപ്പെട്ടു.
എന്നാൽ, കാലിയായ മിനറൽ വാട്ടർ കുപ്പിയിൽ ബാറ്ററി ആസിഡ് നിറച്ച് സൂക്ഷിച്ചതാണെന്ന് അറിയാതിരുന്ന കടയുടമ, കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് തഹസിൽദാർക്ക് നൽകുകയായിരുന്നു. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം കടയുടമക്ക് മനസിലായത്.
ബാറ്ററി വെള്ളം കുടിച്ച തഹസിൽദാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ചികിത്സക്ക് ശേഷം നിയാസ് അഹ്മദ് ഭട്ടിനെ വിദഗ്ധ ചികിത്സക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
നിയാസ് അഹ്മദിന്‍റെ നില ഗുരുതരമല്ലെന്നും അദ്ദേഹം ആശുപത്രി വിട്ടതായും ദംഹാൽ ഹൻജിപോറ ബി.എം.ഒ ഗുൽസാർ അഹ്മദ് ദർ മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.