ആര്യൻ ഖാനോടൊപ്പം വിവാദ സെൽഫിയിലുള്ളത് ആര്? ഉത്തരം നൽകി മഹാരാഷ്ട്ര മന്ത്രി
text_fieldsന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനോടൊപ്പമുള്ള വിവാദ സെൽഫിയിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി. പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററാണ് ആര്യൻ ഖാനോടൊപ്പം ഉളളതെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഓപറേഷനിടെ പുറത്തുനിന്നുള്ളവർ എത്തിയത് എങ്ങനെയെന്ന് എൻ.സി.ബി വ്യക്തമാക്കണമെന്നും എൻ.സി.പി മന്ത്രി നവാബ് മാലിക് ആവശ്യപ്പെട്ടു.
ആര്യൻ ഖാന്‍റെ കൈപിടിച്ച് എൻ.സി.ബി ഓഫിസിൽ ഞായറാഴ്ച എത്തിച്ചത് പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായ കെ.പി ഗോസാവിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റെയ്ഡ് നടക്കുന്നതിനിടെ ബി.െജ.പി വൈസ് പ്രസിഡന്‍റ് മനിഷ് ഭാനുശാലിയേയും കാണാം. സംഭവത്തിൽ ബി.ജെ.പിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. മഹാരാഷ്ട്രയെ അപമാനിക്കാൻ വേണ്ടി ബി.ജെ.പി ആസൂത്രണം ചെയ്തതാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ബി.ജെ.പി മഹാരാഷ്ട്രയെ അധിക്ഷേപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനിഷ് ഭാനുശാലിയുേടയും ഗോസാവിയുടേയും പ്രൊഫൈലുകൾ ഇപ്പോൾ ലോക്ക് ചെയ്തിരിക്കുകയാണ്. ബി.ജെ.പി നേതാവായ മനിഷ് ഭാനുശാലി എങ്ങനെയാണ് റെയ്ഡിൽ ഉൾപ്പെട്ടത്? മാലിക് ചോദിച്ചു.
അതേസമയം, മനിഷ് ഭാനുശാലിയേയും ഗോസാവിയേയും സ്വതന്ത്ര സാക്ഷികളായാണ് ഉൾപ്പെടുത്തിയതെന്ന് ലഹരി വിരുദ്ധ ഏജൻസി വ്യക്തമാക്കി. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വാസ്തവിരുദ്ധമാണ്. എൻ.സി.ബിയുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണ്- എൻ.സി.ബി ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഭാനുശാലിയയെ കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ബി.ജെ.പി തയാറായില്ല. പല സംഭവങ്ങളിലും രാഷ്ട്രീയം കളിക്കാറുണ്ട്. എന്നാൽ രാജ്യത്തിന്‍റെ ഭാവി തലമുറയെ ബാധിക്കുന്ന ലഹരി മരുന്ന് കേസുകളിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.