സ്വത്ത് കൈക്കലാക്കാൻ വിവാഹ ദിവസം അർധസഹോദരിയെ കൊലപ്പെടുത്തി; യുവാവും ബന്ധുക്കളും പിടിയിൽ
text_fieldsശ്രീനഗർ: സ്വത്തും ആഭരണങ്ങളും കൈക്കലാക്കാനായി അർധ സഹോദരിയെ വിവാഹ ദിവസം ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. നവംബർ നാലിന് ശ്രീനഗറിലെ സെയ്ദ കദാൽ പ്രദേശത്തെ ഷഹനാസ കെല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടതിനാൽ ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് മരിച്ച യുവതിയുടെ പ്രതിശ്രുത വരൻ നാസിർ ഹുസൈൻ കാവ പൊലീസിനെ സമീപച്ചതോടെയാണ് ട്വിസ്റ്റുണ്ടായത്. ഇേതത്തുടർന്ന് നവംബർ 13ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പുനരന്വേഷണത്തിന് ഉത്തരവിട്ടു.
പ്രത്യേക സംഘത്തിെൻറ അന്വേഷണത്തിൽ യുവതിയുടെ അർധഅഹോദരൻ ഷാഫിയും രണ്ട് ബന്ധുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.
'ഷഹനാസയുമായി ഷാഫി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതോടൊപ്പം തന്നെ കുടുംബ സ്വത്തും ആഭരണങ്ങളും കൈക്കലാക്കാനും ഇയാൾ പദ്ധതിയിട്ടു. ഇതിനായി വാജിദ് ഗുൽസാർ സുൽത്താൻ, നിഗാത് ഗുൽസാർ എന്നീ ബന്ധുക്കളെ ഇയാൾ ഒപ്പം കൂട്ടി. സ്വന്തമാകുന്ന സ്വത്തിെൻറ തുല്യ അവകാശം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് മറ്റ് രണ്ട് പ്രതികളെ ഇയാൾ പാട്ടിലാക്കിയത്' -പൊലീസ് പറഞ്ഞു.
നവംബർ മൂന്നിനാണ് ഗൂഢാലോചന നടത്തിയത്. 'സംഭവ ദിവസം പ്രഭാത നമസ്കാരത്തിനിടെയാണ് പ്രതികൾ ഷഹനാസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സ്വർണ നിറത്തിലുള്ള തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച പ്രതികൾ മരണം ഉറപ്പു വരുത്തി. ശേഷമാണ് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായി ഫാനിൽ കെട്ടിത്തൂക്കിയത്' -പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികളിലൊരാളായ വാജിദ് പൊലീസിനോട് കുറ്റസമ്മതം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.