യു.പിയിൽ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി, പിന്നീട് സാക്ഷിയായ സഹോദരനെയും
text_fieldsനോയിഡ: ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തി. സംഭവം പുറത്തറിയുമെന്ന ഭയത്തിൽ കൊലപാതക ദൃശ്യം നേരിൽകണ്ട സഹോദരനെയും കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.
വിവാഹം കഴിക്കുന്നതിനായി പ്രതിയായ വിനീതിൻെറ സഹോദരിയും ബന്ധുവായ യുവാവും ചേർന്ന് ഒളിച്ചോടിയിരുന്നു. പിന്നീട് ഇരുവരെയും വയലിന് സമീപത്തുവെച്ച് വിനീതും മൂന്നു സുഹൃത്തുക്കളും ചേർന്ന് പിടികൂടി കൊലപ്പെടുത്തി. ആത്മഹത്യ എന്നു വരുത്തിതീർക്കാനായി പ്രദേശത്തെ മരക്കൊമ്പിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുയായിരുന്നു. സഹോദരി സുഖിയയും ബന്ധുവായ ബണ്ടിയുമാണ് കൊല്ലപ്പെട്ടത്. ജൂലൈ ഒന്നിനാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തുന്നത്. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് പൊലീസ് പറയുകയും ചെയ്തിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം അതേ മരക്കൊമ്പിൽ വിനീതിൻെറ സഹോദരനായ കുൽദീപിൻെറ മൃതദേഹവും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് വിനീതിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതോടെയാണ് കൊലപാതക പരമ്പര പുറത്തറിയുന്നത്. കുടുംബത്തിൻെറ അഭിമാനം സംരക്ഷിക്കുന്നതിനായാണ് ബണ്ടിയെയും സുഖിയയെയും കൊലപ്പെടുത്തിയതെന്ന് വിനീത് പൊലീസിന് മൊഴിനൽകി. കൊലപാതകം നേരിൽ കാണാനിടയായതിനാൽ വിവരം പുറത്തുപറയുമെന്ന് ഭയന്നതിനാലാണ് കുൽദീപിനെ കൊലപ്പെടുത്തിയതെന്നും വിനീത് സമ്മതിച്ചു.
കൊലപാതകത്തിന് സഹായിച്ചവർക്ക് രണ്ടരലക്ഷം രൂപ പ്രതിഫലമായി കൈമാറിയതായും പൊലീസ് കണ്ടെത്തി. വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.