ദലിത് യുവതിയെ വിവാഹം കഴിച്ചതിന് സമൂഹവിലക്ക്; ഇവരോട് സംസാരിച്ചാൽ 5000 രൂപ പിഴ
text_fieldsബംഗളൂരു: കർണാടകയിൽ ദലിത് യുവതിയെ വിവാഹം കഴിച്ചതിന് യുവാവിനും കുടുംബത്തിനും സമൂഹവിലക്ക്. ലിങ്കടഹള്ളിയിലെ സഹ്യാദ്രിപുരയിൽ താമസിക്കുന്ന സോമശേഖറിനും കുടുംബത്തിനുമാണ് വിലക്ക്.
ഗ്രാമത്തിൽ തന്നെ താമസിക്കുന്ന ദലിത് യുവതിയെയാണ് സോമശേഖർ വിവാഹം കഴിച്ചത്. വിവാഹശേഷം ദമ്പതികൾ ബംഗളൂരുവിൽ ജോലി ആവശ്യത്തിനായി മാറിത്താമസിക്കുകയും ചെയ്തു. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ ദമ്പതികൾ ഗ്രാമത്തിൽ തിരിച്ചെത്തി. ഇതോടെ ഗ്രാമത്തിലെ സവർണർ ഇവർക്കും കുടുംബത്തിലും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
ഗ്രാമത്തിലെ മറ്റു കുടുംബങ്ങൾ സോമശേഖറിന്റെ കുടുംബത്തോട് സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തി. സംസാരിച്ചാൽ 5000 രൂപ പിഴ നൽകണം. ഗ്രാമത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനും ഇവർക്ക് അനുവാദമില്ല. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനൊപ്പം സോമശേഖറിന്റെ കുടുംബത്തിൽനിന്ന് പൂജാദ്രവ്യങ്ങൾ സ്വീകരിക്കരുതെന്ന് പുരോഹിതർക്ക് നിർദേശവും നൽകി.
വിലക്കിനെ തുടർന്ന് സോമശേഖർ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകി. സംഭവത്തിൽ ഇടപെടണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.