തെലങ്കാനയിൽ റവന്യൂ ഓഫിസിന് തീയിടാൻ ശ്രമം; ജീവനക്കാർ പ്രതിയെ കീഴടക്കി
text_fieldsഹൈദരാബാദ്: ഭൂമിയുടെ ഉടമാവകാശ രേഖ ലഭ്യമാകാത്തതിെൻറ പേരിൽ തെലങ്കാനയിൽ റവന്യൂ ജീവനക്കാരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കരീം നഗർ ജില്ലയിലെ ചിഗുരുമാംഡി തഹസി ൽദാർ ഓഫിസിലെ ജീവനക്കാരെയാണ് കർഷകനായ കനകയ്യ (45) പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.
ജീവനക്കാരുടെ അവസരോചിത ഇടപെടലിലൂടെ പ്രതിയെ കീഴടക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. രണ്ടാഴ്ചമുമ്പ് കരിംനഗർ ജില്ലയിലെ തഹസിൽദാറായ സി.എച്ച്. വിജയ റെഡ്ഡിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. അടിക്കടി ഇത്തരം സംഭവങ്ങളുണ്ടാകുന്നതിനാൽ സംസ്ഥാനത്തെ റവന്യൂ ജീവനക്കാർ ആകെ ഭയപ്പാടിലാണ്.
ലംഡാഡിപ്പള്ളി സ്വദേശിയായ കനകയ്യ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ നിരവധി തവണ തഹസിൽദാറെ സമീപിച്ചിരുന്നു. ഇയാളുടെ സഹോദരനും ഭൂമിയുടെ അവകാശവുമായി രംഗത്തുള്ളതിനാൽ രേഖകൾ നൽകാൻ തഹസിൽദാർ തയാറായിരുന്നില്ല. ബുധനാഴ്ച വീണ്ടും തഹസിൽദാർ മുഹമ്മദ് ഫാറൂഖിനെ അന്വേഷിച്ച് ഇയാൾ ഓഫിസിലെത്തിയെങ്കിലും ജീവനക്കാർ കാണാൻ അനുവദിച്ചില്ല. ഇതിൽ പ്രകോപിതനായ കനകയ്യ പുറത്തുപോയി രണ്ടു ലിറ്റർ പെട്രോളുമായി എത്തിയശേഷം ഓഫിസിലേക്കും ജീവനക്കാർക്കു നേരെയും ഒഴിക്കുകയായിരുന്നു. തീകൊടുക്കുന്നതിനുമുമ്പ് ജീവനക്കാർ പ്രതിയെ സാഹസികമായി പിടികൂടിയാണ് ദുരന്തം ഒഴിവാക്കിയത്.
ഭൂവുടമയായ സുരേഷ് എന്നയാളാണ് വിജയ റെഡ്ഡിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഡ്രൈവർ ആശുപത്രിയിലും മരിച്ചു. പരിേക്കറ്റ പ്രതി സുരേഷും പിന്നീട് മരണത്തിന് കീഴടങ്ങി. ഭൂമിയുടെ രേഖയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മഹ്ബൂബാബാദ് ജില്ലയിലെ റവന്യൂ ഓഫിസിൽ എത്തിയ കുടുംബം സ്വയം തീകൊളുത്തി മരിക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.