ഗ്യാസ് സ്റ്റൗ തുറന്ന് വെച്ച് ലൈറ്റർ തിരഞ്ഞു; ബീഡി കത്തിച്ച ഉടനെ വൃദ്ധന് ദാരുണാന്ത്യം
text_fieldsഭോപാൽ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭോപാലിൽ ഗ്യാസ് സ്റ്റൗവിൽ നിന്ന് ബീഡി കത്തിക്കാൻ ശ്രമിച്ചയാൾ ദാരുണമായി മരിച്ചു. 60 വയസ്സുള്ള ഭോപാൽ സ്വദേശിയാണ് മരിച്ചത്. ഇയാൾ ഗ്യാസ് ബർണർ തുറന്ന് വെച്ച് ലൈറ്റർ തിരയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആ സമയം തുടർച്ചയായി ഗ്യാസ് പുറത്തേക്കൊഴുകി. പിന്നീട് ലൈറ്റർ കണ്ടെത്തി സ്റ്റൗ കത്തിച്ച നിമിഷം തീ ആളിപ്പടരുകയും അയാൾ തീയിൽ പെടുകയുമായിരുന്നു. രാത്രിയിലായിരുന്നു സംഭവം. ഉറങ്ങാൻ കിടന്ന ശേഷം ഇടക്ക് എഴുന്നേറ്റാണ് വൃദ്ധൻ ബീഡി കത്തിക്കാനായി അടുക്കളയിലേക്ക് പോകുന്നതും പിന്നീട് അപകടത്തിൽ പെടുന്നതും.
അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ സ്ഫോടനത്തിന്റെ ശബ്ദം കേട്ട് എഴുന്നേൽക്കുകയായിരുന്നു. മറ്റുള്ളവരെ വിളിച്ച് അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പൊള്ളലേറ്റതിന്റെ വ്യാപ്തി കാരണം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് പ്രാദേശിക അധികാരികൾ ഉണർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.