പിസ്സക്ക് മുകളിൽ തറ തുടക്കുന്ന മോപ്പ്; ഡൊമിനോസിനെതിരെ വ്യാപകവിമർശം
text_fieldsബംഗളൂരു: പ്രമുഖ പിസ്സ നിർമാതാക്കളായ ഡെമിനോസിന്റെ ബംഗളൂരു റസ്റ്റോറന്റിലെ വൃത്തിഹീനത സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഡോമിനോസ് അടുക്കളയിൽ അട്ടിവെച്ച പിസ്സ മാവിന്റെ ട്രേകൾക്ക് മുകളിൽ തറ തുടക്കുന്ന മോപ്പുകൾ തൂക്കിയിട്ട ചിത്രമാണ് പ്രചരിക്കുന്നത്.
സാഹിൽ കർണാനി എന്നയാളാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. "ഇങ്ങനെയാണ് ഡൊമിനോസ് നമുക്ക് ഫ്രഷ് പിസ്സ തരുന്നത്. അങ്ങേയറ്റം വെറുപ്പുളവാക്കുന്നു..' എന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിനെയും മന്ത്രി മൻസൂഖ് മാണ്ഡവ്യയെയും ടാഗ് ചെയ്ത ട്വീറ്റിൽ പറയുന്നത്.
ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. ട്വിറ്റർ ഉപയോക്താക്കൾ ഇതിൽ ആശങ്ക രേഖപ്പെടുത്തി. 'ഇനി ഒരിക്കലും ഡോമിനോസിൽ ഭക്ഷണം കഴിക്കില്ല', 'ബംഗളൂരുവിലെ ഡൊമിനോസിന് ചില ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അവർ മോശം നിലവാരമുള്ള ഭക്ഷണം അയച്ചുതന്ന ചില അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ബ്രാൻഡിൽ വിശ്വാസമില്ലാതാക്കി' തുടങ്ങിയ കമന്റുകൾ ആളുകൾ പങ്കുവെച്ചു.
റസ്റ്റോറന്റിന്റെ അടുക്കളയുടെ വീഡിയോയും കർണനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം വാങ്ങാൻ റെസ്റ്റോറന്റിൽ കാത്തുനിൽക്കുമ്പോഴാണ് ചിത്രവും വീഡിയോയും എടുത്തതെന്ന് അദ്ദേഹം പറയുന്നു.
അതേസമയം, സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ഡൊമിനോസ് പ്രസ്താവനയിൽ പറഞ്ഞു. " ഉയർന്ന നിലവാരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ഞങ്ങൾ ലോകോത്തര പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാറുണ്ട്. ഈ മാനദണ്ഡങ്ങൾ ലംഘിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇപ്പോൾ ശ്രദ്ധയിൽപ്പെട്ട സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടി സ്വീകരിക്കും' ഡൊമിനോസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.