കശ്മീരി പണ്ഡിറ്റിന്‍റെ കടക്ക് നേരെ തീവ്രവാദി വെടിവെപ്പ്, ജീവനക്കാരൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബന്ദിപ്പോറ സ്വദേശിയും സെയിൽസ്മാനുമായ മുഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷസേന തീവ്രവാദികൾക്കായി തിരച്ചിൽ ആരംഭിച്ചു. 29 വർഷത്തിന് ശേഷം 2019ലാണ് കശ്മീരി പണ്ഡിറ്റിന്‍റെ ഉടമസ്ഥതയിലുള്ള കട തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.
24 മണിക്കൂറിനിടെ ശ്രീനഗറിൽ നടക്കുന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. ഞായറാഴ്ച ബത്മലൂ ഏരിയയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ശ്രീനഗറിലും കശ്മീരിന്‍റെ വിവിധ ഭാഗങ്ങളിലും നിരവധി ആക്രമണങ്ങൾ തീവ്രവാദികൾ നടത്തിയിരുന്നു. 11 തദ്ദേശീയരും കുടിയേറ്റ തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരെയുമാണ് തീവ്രവാദികൾ ആക്രമിച്ചത്.
പൊലീസ് നടത്തിയ 11 ഏറ്റുമുട്ടലുകളിൽ 17 തീവ്രവാദികളെ വധിച്ചു. സുരക്ഷാസേനയെ സഹായിക്കാൻ 5000 അധിക സൈനികരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.