ഒരാൾ വാതിൽ പൂട്ടി, വിഘ്നേഷ് കത്തിയെടുത്ത് ഡോക്ടറെ തുരുതുരെ കുത്തി; ചെന്നൈയിൽ ക്രൂരതക്കിരയായത് പേസ് മേക്കർ സഹായത്തോടെ ജീവിക്കുന്ന അർബുദ വിദഗ്ദ്ധൻ
text_fieldsചെന്നൈ: ഒ.പി പ്രവേശന പാസ് വാങ്ങിയാണ് വിഘ്നേഷ് എന്നയാൾ ഗിണ്ടി കലൈജ്ഞർ സെന്റിനറി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ അർബുദരോഗ വിദഗ്ദ്ധനായ ഡോ. ബാലാജി ജഗന്നാഥിന്റെ കൺസൾട്ടിങ് റൂമിൽ അതിക്രമിച്ച് കടന്നത്. ചെന്നൈ പെരുങ്ങളത്തൂർ സ്വദേശിയായ ഇയാൾക്കൊപ്പം മറ്റു മൂന്നു പേരുമുണ്ടായിരുന്നു. അർബുദരോഗ ബാധിതയായ വിഘ്‌നേഷിന്റെ അമ്മ കാഞ്ചനയെ ചികിത്സിക്കുന്നതിനെച്ചൊല്ലി സംഘം ഡോക്ടറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അമ്മയുടെ രോഗാവസ്ഥ ഗുരുതരാവസ്ഥയിലായതിന് ഉത്തരവാദി ഡോക്ടറാണെന്ന് അവർ ആരോപിച്ചു.
പിന്നാലെ, പ്രതികളിലൊരാൾ മുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു. വിഘ്നേഷ് കത്തിയെടുത്ത്, പേസ് മേക്കർ പിടിപ്പിച്ച ഹൃദ്രോഗി കൂടിയായ ഡോ. ബാലാജി ജഗന്നാഥിനെ തുരുതുരെ കുത്തി. കഴുത്തിന് പുറമെ, ഏഴിടങ്ങളിൽ കുത്തേറ്റു. സ്ഥലത്തുണ്ടായിരുന്നവർ ഉടനടി പ്രതികളെ തടയുകയും ഡോക്ടറെ രക്ഷപ്പെടുത്തി ഇതേ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അമ്മയുടെ ചികിത്സ വൈകിച്ചെന്നാരോപിച്ചാണ് 26കാരനായ പ്രതി ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും കൂട്ടുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടർക്ക് ആവശ്യമായ ചികിത്സ നൽകാനും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഉപമുഖ്യമന്ത്രി ഉദയ്നിധി, ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ എന്നിവർ ആശുപത്രിയിലെത്തി. ഡോക്ടർക്കെതിരായ ക്രൂരമായ ആക്രമണത്തെ സർവിസ് ഡോക്‌ടേഴ്‌സ് ആൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (എസ്.ഡി.പി.ജി.എ) അപലപിക്കുകയും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ആശുപത്രി ജീവനക്കാർ മിന്നൽ പണിമുടക്കും നടത്തി. പിന്നീട് ആരോഗ്യമന്ത്രി എം.സുബ്രമണ്യൻ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവെച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഡോക്ടർമാർക്ക് തോക്ക് അനുവദിക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ജനങ്ങൾ നിയമത്തെ ഭയപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ആക്രമണമെന്ന് തമിഴ്‌നാട് ഗവൺമെന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ നേതാവ് ഡോ. ആന്റോ ഉരേഷ് പറഞ്ഞു. ‘ഡോക്‌ടർമാർ അരക്ഷിതാവസ്ഥയിലാണ്. സുരക്ഷ കർശനമാക്കണം. പ്രതികൾക്ക് വധശിക്ഷ നൽകണം. കാഷ്വാലിറ്റി യൂണിറ്റിലെ ഡോക്ടർമാർക്ക് തോക്കുകൾ നൽകണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.