കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജസന്ദേശം: യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fieldsബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ബംഗളൂരുവിലുണ്ടെന്ന വ്യാജ വാട്സ്ആപ് പ്രചാരണത്തെതുടർന്ന് രാജസ്ഥാൻ സ്വദേശിയായ യുവാവിനെ സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്ന ആൾക്കൂട്ടം തല്ലിക്കൊന്നു. ബംഗളൂരു നഗരമധ്യത്തിൽ ചാമരാജ്പേട്ടിലെ പെൻഷൻ മൊഹള്ളയിൽ ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് സംഭവം. രാജസ്ഥാനിൽനിന്നും ജോലിക്കായി ബംഗളൂരുവിലെത്തിയ കാലുരാമു (26) ആണ് മരിച്ചത്. ഇയാളെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടു പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു.
ചാമരാജ്പേട്ടിലെ ബക്ഷി ഗാർഡന് സമീപം മിഠായികൾ നൽകി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ക്രിക്കറ്റ് ബാറ്റ് കൊണ്ടും മറ്റും യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദിക്കുകയായിരുന്നു. കൈയും കാലും കെട്ടി റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചു. കാലുകൊണ്ട് തൊഴിച്ചും വടികൊണ്ട് അടിച്ചും ക്രൂരമായ മർദനം തുടർന്നു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും മുതിർന്നവരും സംഘം ചേർന്നാണ് യുവാവിനെ മർദിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും യുവാവ് അബോധാവസ്ഥയിലായിരുന്നു. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
ബംഗളൂരുവിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്നും ജനങ്ങൾ കരുതലോടെ ഇരിക്കണമെന്നും പറഞ്ഞുള്ള വ്യാജ വാട്സ്ആപ് സന്ദേശം പ്രചരിച്ചതിെൻറ അടിസ്ഥാനത്തിലാണ് ആൾക്കൂട്ടം ഇതരസംസ്ഥാന തൊഴിലാളിക്കുനേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, കേരളത്തിലും തമിഴ്നാട്ടിലും സമാന രീതിയിൽ വാട്സ്ആപ് സന്ദേശം പ്രചരിച്ചിരുന്നു. തമിഴ്നാട്ടിൽ ആൾക്കൂട്ടത്തിെൻറ ആക്രമണത്തിൽ നാലോളം പേർ മരിക്കുകയും ചെയ്തു. അവയവമെടുക്കാൻ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന് വ്യാജ വാട്സ്ആപ് സന്ദേശം ഇക്കഴിഞ്ഞ മേയ് 13 മുതലാണ് കർണാടകയിൽ പ്രചരിച്ചത്. ഇതിനെത്തുടർന്ന് തുമകൂരു, വിജയപുര തുടങ്ങിയ സ്ഥലങ്ങളിൽ ഭിക്ഷാടകർക്കുനേരെ കൈയേറ്റശ്രമവും ഉണ്ടായിരുന്നു.
ജനക്കൂട്ടത്തിലുണ്ടായിരുന്നവർ എടുത്ത വിഡിയോ ദൃശ്യങ്ങളുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിലുൾപ്പെട്ട മറ്റുള്ളവരെയും ഉടൻ അറസ്റ്റ് െചയ്യുമെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നഗരത്തിലില്ലെന്നും വ്യാജ വാട്സ്ആപ് പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഡി.സി.പി ഡി. രവി പറഞ്ഞു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പ് പ്രകാരമാണ് ചാമരാജ്പേട്ട് പൊലീസ് കേസെടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുേപാകുന്ന സംഘമിറങ്ങിയിട്ടുണ്ടെന്ന അഭ്യൂഹത്തിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വിഷയത്തിൽ അധികൃതർക്ക്് വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.