പെണ്‍മക്കളെ പഠിപ്പിക്കാൻ പരോളിലിറങ്ങി മുങ്ങി; 12 വര്‍ഷം കഴിഞ്ഞ് ജയിലിലേക്ക് തന്നെ മടങ്ങി
text_fieldsസഞ്ജയ് തെജ്‌നെ ജയിലിൽനിന്നും പരോളിൽ പുറത്തിറങ്ങുമ്പോൾ ഒറ്റ ലക്ഷ്യമേ അയാൾക്കുണ്ടായിരുന്നുള്ളൂ. തന്റെ പെൺമക്കളെ പഠിപ്പിക്കണം. പരോൾ കാലാവധി കഴിഞ്ഞിട്ടും അയാൾക്ക് ജയിലിലേക്ക് മടങ്ങാനായില്ല. പലയിടത്തും ഒളിവുജീവിതം നടത്തി ഒടവുിൽ ലക്ഷ്യസാക്ഷാത്കാരത്തിന് ശേഷം അയാൾ ജയിലിലേക്ക് തന്നെ മടങ്ങി.
പെണ്‍മക്കളുടെ പഠനത്തിന് വേണ്ടിയാണ് സഞ്ജയ് തെജ്‌നെ അറ്റകൈ തിരഞ്ഞെടുത്തത്. ജീവപര്യന്തം തടവ്ശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയ് പരോളിലിറങ്ങി മുങ്ങുകായിരുന്നു. പന്ത്രണ്ട് വര്‍ഷം ഒളിവുജീവിതം നയിച്ചു. ഒടുവിൽ മക്കള്‍ പത്താം ക്ലാസ് ഉയർന്ന മാര്‍ക്കോടെ വിജയിച്ചപ്പോള്‍ അധികൃതരെ തേടി ജയിലിലേക്കുതന്നെ മടങ്ങിയെത്തി.
2003ല്‍ ഒരു കൊലപാതകക്കേസിലാണ് അച്ഛനും രണ്ട് സഹോദരന്മാര്‍ക്കുമൊപ്പം സഞ്ജയ്യും അറസ്റ്റിലായത്. 2005 ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടുതവണ പരോളിലിറങ്ങി. പെൺമക്കളായ ശ്രദ്ധയും ശ്രുതിയും പിറന്നതോടെ തടവുശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന അയാളുടെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. തുടര്‍ന്നാണ് ഒളിവില്‍പ്പോകാന്‍ തീരുമാനിച്ചത്. ഒടുവിൽ പരോളിലിറങ്ങിയശേഷം ജയിലില്‍ മടങ്ങിയെത്തിയില്ല. മക്കളുടെ പഠനത്തിനായി പ്രിന്റിങ് പ്രസില്‍ ജോലിക്കുകയറി. പിന്നീട് പൊലീസിന്റെ കണ്ണിൽ പെടാതെയുള്ള ജീവിതം. 12 വർഷവും അയാൾ അങ്ങനെ ജീവിച്ചു. ജോലിക്കിടയിലുള്ള അവധി ദിവസങ്ങളിൽ പാത്തും പതുങ്ങിയും കുടുംബത്തെ കാണാൻ എത്തി. മക്കള്‍ പത്താംക്ലാസ് വിജയിച്ചതോടെ ജയിലിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എസ്.എസ്.സി. പരീക്ഷയില്‍ ശ്രദ്ധക്ക് 86 ശതമാനവും ശ്രുതിക്ക് 83 ശതമാനവും മാര്‍ക്ക് ലഭിച്ചു.
മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കണമെന്നാണ് ഇയാളുടെ ആഗ്രഹം. ചില സംഘടനകള്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഉന്നതവിജയംനേടിയ തടവുകാരുടെ മക്കളെ ആദരിച്ചപ്പോള്‍ അതില്‍ ശ്രദ്ധയും ശ്രുതിയുമുണ്ടായിരുന്നു. ദീര്‍ഘകാലം ഒളിവില്‍ക്കഴിഞ്ഞതിനാല്‍ ഇനി തെജ്നക്ക് പരോളോ മറ്റ് അവധി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്ന് ജയിലധികൃതര്‍ പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് തേജ്ന വീടണയാൻ കാത്തിരിക്കുകയാണ് പെൺമക്കളും ഭാര്യയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.