ജമ്മു കശ്മീരിൽ ക്ഷേത്രം തീയിട്ട് നശിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും ശ്രീകോവിൽ തകർക്കുകയും ചെയ്ത യുവാവ് പിടിയിലായി. ജമ്മുവിലെ നഗ്രോതയിലെ നരേൻ ഖൂ പ്രദേശത്തെ ക്ഷേത്രമാണ് തകർത്തത്. നരേൻ ഖൂ സ്വദേശിയായ അർജുൻ ശർമ എന്ന യുവാവാണ് ഇന്നലെ അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് പൊലീസിൽ പരാതി ലഭിച്ചത്. തുടർന്ന് ഞായറാഴ്ച പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും അറസ്റ്റിലായ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. സംഭവത്തെക്കുറിച്ച് ജമ്മു പൊലീസ് സമൂഹമാധ്യമത്തിൽ നൽകിയ വിശദീകരണത്തിലും പ്രതിയെക്കുറിച്ചുള്ള വിവരമുണ്ടായിരുന്നില്ല. പിന്നീട് മണിക്കൂറുകൾക്കുശേഷമാണ് യുവാവിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.
പ്രതി അർജുൻ ശർമ കുറ്റം സമ്മതിച്ചെന്ന് ജമ്മു റൂറൽ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ പറഞ്ഞു. ഫോറൻസിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണത്തിൽ പങ്കെടുത്തെന്നും സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് പറയുന്നു. എന്നാൽ, സംഭവത്തിന് രാഷ്ട്രീയ വശം ഇല്ലെന്നും ദുർമന്ത്രവാദമാണ് സംശയിക്കുന്നതെന്നുമാണ് പൊലീസ് ഭാഷ്യം.
ജൂൺ 29 ന്, ധർമ്മരി പ്രദേശത്ത് ഒരു ക്ഷേത്രം നശിപ്പിക്കപ്പെടുകയും ഇതേച്ചൊല്ലി ഹിന്ദു - മുസ്‌ലിം സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് 43 പേരെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.