വിദ്യാർഥികളെ തല്ലിച്ചതച്ച ആ ചുവന്ന കുപ്പായക്കാരനെ കുറിച്ച് ഡൽഹി പൊലീസ് പറയുന്നതിങ്ങനെ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലാ വിദ്യാര്‍ഥികളെ ഡൽഹി പൊലീസിനൊപ്പം നിന്ന് തല്ലിച്ചതക്കുന്ന ചുവന്ന കുപ്പായക്കാരെൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ചോദ്യങ്ങളുയർത്തിയിരുന്നു. നീല ജീൻസും ചുവന്ന ബനിയനും അതിനു മുകളിൽ പൊലീസിെൻറ ജാക്കറ്റും ധരിച്ച് മുഖം മറച്ച് വിദ്യാർഥികളെ തല്ലിച്ചതക്കാനെത്തിയ ഇയാൾ ആരാണ് എന്ന് ചോദിക്കാത്തവർ അപൂർവം.
റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ ആരാണ് ഈ ചുവന്ന കുപ്പായക്കാരൻ എന്ന സംശയം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൊലീസിനൊപ്പം ചേർന്ന് ജാമിഅയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച ഇയാള്‍ ആരാണെന്ന് ആർക്കെങ്കിലും പറഞ്ഞുതരാനാകുമോയെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് കട്ജു ട്വീറ്റ് ചെയ്തു.
ഇയാള്‍ എ.ബി.വി.പിയുടെ നേതാവാണെന്നും പൊലീസുകാരനല്ലെന്നുമുള്ള പ്രചരണവും ഇതിനിടെ ശക്തമായി. പൊലീസുകാര്‍ക്കൊപ്പം സംഘ്പരിവാറുകാരും തങ്ങളെ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥികൾ ആരോപിച്ചിരുന്നു. ഒടുവിൽ ചുവന്ന കുപ്പായക്കാരെൻറ കാര്യത്തിൽ വിശദീകരണവുമായി ഡൽഹി പൊലീസ് തന്നെ രംഗത്തു വന്നിരിക്കുകയാണ്.
തെക്ക് കിഴക്കന്‍ ജില്ലാ പൊലീസ് വിഭാഗത്തിലെ ഒരു കോണ്‍സ്റ്റബിളാണ് ഇയാളെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അവകാശപ്പെട്ടു. ജില്ലയിലെ ആൻറി ഓട്ടോ തെഫ്റ്റ് സ്ക്വാഡിലെ (എ.എ.ടി.എസ്) ഡിറ്റക്ടീവുകളോടൊപ്പമുള്ളവരായതിനാൽ കോൺസ്റ്റബിൾമാരില്‍ ചിലര്‍ അവരുടെ യൂണിഫോമിലായിരുന്നില്ലെന്നും ഓഫീസര്‍ വിശദീകരിക്കുന്നു.
അവരുടെ ജോലിയുടെ സ്വഭാവം വ്യത്യസ്തമാണ്. എ.എ.ടി.എസ് ടീം പൊതുവെ സിവിൽ വസ്ത്രത്തിലായിരിക്കും. അടിയന്തര സാഹചര്യത്തിലാണ് ഇവരെ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിളിച്ചുവരുത്തിയത്. ചെറുപ്പക്കാരനായ കോണ്‍സ്റ്റബിളാണെന്നും സുരക്ഷാ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ആളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ചിൻമോയ് ബിസ്വാൾ ന്യായീകരിച്ചു.
അതേസമയം, പൊലീസുകാരനാണെങ്കിൽ എന്തിനാണ് മുഖം മറച്ച് വിദ്യാർഥികളെ തല്ലിച്ചതക്കാൻ എത്തിയതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.