ഉദ്ധവ് താക്കറെക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് ഷിൻഡെ: 'പിന്തുണക്കാൻ 20 എംഎൽഎമാരെ പോലും കണ്ടെത്താൻ കഴിയാത്തയാളെ കോടതി വഴി അധികാരത്തിൽ എത്തിക്കണോ?'
text_fieldsമുംബൈ: തനിക്ക് പിന്തുണ നൽകാൻ 20 എം.എൽ.എമാരെ പോലും കണ്ടെത്താൻ കഴിയാത്ത വ്യക്തിയെ കോടതി വഴി അധികാരത്തിൽ തിരികെ കൊണ്ടുവരേണ്ട നിരാശാജനകമായ അവസ്ഥയിലാണോ നമ്മളെന്ന് സുപ്രീം കോടതിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയെ മാറ്റി മറ്റൊരാൾ സംസ്ഥാനത്തെ നയിക്കണമെന്ന് ഭൂരിപക്ഷം പാർട്ടി അംഗങ്ങളും വിശ്വസിക്കുന്നുവെങ്കിൽ അതിൽ എന്താണ് തെറ്റെന്നും ഷിൻഡേക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ ബുധനാഴ്ച കോടതിയോട് ചോദിച്ചു.
ഒരു പാർട്ടിയിലെ ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തെ അയോഗ്യരാക്കാമോ എന്നതാണ് വിധി ആവശ്യമായ ചോദ്യമെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ കൃഷൻ മുരാരി, ഹിമ കോഹ്‌ലി എന്നിവരാണ് മറ്റ് അംഗങ്ങൾ. മഹാരാഷ്ട്ര സർക്കാറിലെ ശിവസേന എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച കേസ് ഈ ബെഞ്ചാണ് പരിഗണിക്കുന്നത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഉത്തരം നൽകേണ്ട നിരവധി ഭരണഘടനാപരമായ കാര്യങ്ങളുണ്ടെന്നും സമഗ്രമായ വാദം കേട്ട ശേഷം വിഷയം പരിഗണനയ്ക്കായി വലിയ ബെഞ്ചിന് അയക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സുപ്രീം കോടതി സംസ്ഥാന നിയമസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കേസിൽ ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി വാദം കേൾക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അയോഗ്യത സംബന്ധിച്ച ഹർജികൾ പരിഗണിക്കരുതെന്ന് മഹാരാഷ്ട്ര സ്പീക്കറോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. അതേസമയം, ആർക്കും സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമെങ്കിൽ ജനാധിപത്യം അപകടത്തിലാണെന്ന് ഉദ്ധവ് താക്കറെ ക്യാമ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.