നടത്തത്തിൽ അസ്വാഭാവികത; രഹസ്യഭാഗത്ത് ഒളിപ്പിച്ച 83 പവൻ സ്വർണം പിടികൂടി
text_fieldsവാരണാസി: വിമാനത്താവളത്തിൽ യാത്രക്കാരന്റെ നടത്തത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് വാരണാസി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടിയത്.
83.98 പവൻ (671.9 ഗ്രാം) സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഏകദേശം 34,46,847 രൂപയാണ് ഇതിന്റെ വിപണി വില. കാപ്സ്യൂൾ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. ബുലന്ദ്ഷഹറിലെ ഗുലാത്തി സ്വദേശിയാണ് ഇയാളെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. വിചിത്രമായ നടത്തം കാരണം സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. യാത്രക്കാരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ഒന്നും പറഞ്ഞില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് സ്‌കാനറിലൂടെ കടത്തിയപ്പോഴാണ് ശരീരത്തിൽ ലോഹം കണ്ടത്. ഈ ഫോട്ടോകൾ കാണിച്ച് യാത്രക്കാരനോട് ക്യാപ്‌സ്യൂളുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
വാരണാസി വിമാനത്താവളം കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ പ്രദീപ് കുമാർ സിങ്, സൂപ്രണ്ട് രാജീവ് കെ.ആർ.സിങ്, ജെ. നാഗ്, ഇൻസ്പെക്ടർ റിതേഷ് നർസിംഗാനി, വിനോദ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 29ന് ഇതേ വിമാനത്താവളത്തിൽ നിന്ന് 176.20 ഗ്രാം സ്വർണം ഒരു യാത്രക്കാരനിൽ നിന്ന് കണ്ടെടുത്തിരുന്നു. ഏകദേശം 9,16,240 രൂപയാണ് ഇതിന്റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.