ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചയാൾ പിടിയിലായി
text_fieldsഭുവനേശ്വർ: ഏഴു സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ചയാൾ ഒഡിഷയിൽ പിടിയിലായി. വിവാഹം കഴിച്ച സ്ത്രീകളിൽ പണം കൈക്കലാക്കി കടന്നുകളയുകയാണ് 48കാരന്‍റെ പതിവെന്ന് പൊലീസ് പറഞ്ഞു.
1982ലായിരുന്നു ഇയാളുടെ ആദ്യവിവാഹം. 2002ൽ രണ്ടാമത്തെ വിവാഹം കഴിച്ചു. രണ്ടു വിവാഹങ്ങളിലുമായി ഇയാൾക്ക് അഞ്ച് മക്കളുണ്ട്. 2002നും 2020നും ഇടക്ക് വൈവാഹിക സൈറ്റ് വഴി പരിചയപ്പെട്ട മറ്റൊരു യുവതിയെ കൂടി ഇയാൾ വിവാഹം കഴിച്ചു. മറ്റ് രണ്ടു ഭര്യമാരും അറിയാതെയായിരുന്നു ഈ വിവാഹം.
ഏറ്റവും അവസാനം വിവാഹം കഴിച്ച ടീച്ചറായ ഭാര്യയുമൊത്ത് ഭുവനേശ്വറിൽ താമസിച്ചുവരവെയാണ് ഭാര്യ ഇയാളുടെ മറ്റ് വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞത്.ഡൽഹിയിലെ സ്കൂളിൽ അധ്യാപികയായ ഇവർ പൊലീസ് സ്റ്റേഷനിലെത്തി പരാതി രജിസ്റ്റർ ചെയ്തു. ഇതുപ്രകാരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭുവനേശ്വറിലെ വാടവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 11 എ.ടി.എം കാർഡുകളും നാല് ആധാർ കാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി, പഞ്ചാബ്. അസം, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നായാണ് ഇയാൾ വിവാഹം കഴിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
മധ്യവയസ്കരായ, ഒറ്റക്കു താമസിക്കുന്ന സ്ത്രീകളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവുരീതി. വിവാഹമോചിതരായവരെ മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ഇയാൾ കെണിയിൽ വീഴ്ത്തുന്നത്. വിവാഹം കഴിച്ച് കബളിപ്പിച്ച് ഇവരുടെ പക്കലുള്ള പണവുമായി കടന്നുകളയുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറഞ്ഞു.
വിദ്യാസമ്പന്നരായ സ്ത്രീകളേയും മറ്റും ഡോക്ടറാണെന്ന് പറഞ്ഞാണ് ഇയാൾ പരിചയപ്പെടാറുള്ളത്. പരാമിലിറ്ററിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയേയും ഇയാൾ ഇത്തരത്തിൽ പറ്റിച്ചതായി പൊലീസ് പറഞ്ഞു.
തൊഴിൽ തട്ടിപ്പ് കേസുകളിൽ ഹൈദരാബാദിലും എറണാകുളത്തും വെച്ചും രണ്ടുതവണ ഇയാൾ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.