ബാബാ സിദ്ദീഖിയെ വെടിവെച്ചയാൾ അറസ്റ്റിൽ; പിടിയിലായത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
text_fieldsമുബൈ: എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിക്ക് നേരെ വെടിയുതിർത്ത ശിവകുമാറിനെ ഉത്തർപ്രദേശിലെ ബഹ്റെയ്ച്ചിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദീഖിയെ വധിച്ച ശേഷം ഒളിവിലായിരുന്ന ശിവകുമാർ നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. യു.പി സ്പെഷൽ ടാസ്ക് ഫോഴ്സും മുംബൈ പൊലീസും ചേർന്നുള്ള സംയുക്ത നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. കേസിൽ അറസ്റ്റിലാകുന്ന 23-ാമത്തെ പ്രതിയാണ് ശിവകുമാർ.
ശിവകുമാറിനെ ഒളിവിൽ പാർപ്പിക്കുകയും വിദേശത്തേക്ക് കടക്കാനുള്ള സഹായം നൽകുകയും ചെയ്ത നാലുപേർ കൂടി പിടിയിലായിട്ടുണ്ട്. ഒക്ടോബർ 12ന് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ എം.എൽ.എ ഓഫീസിനു സമീപത്താണ് ബാബാ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. 9 എം.എം പിസ്റ്റൾ ഉപയോഗിച്ച് ആറ് റൗണ്ട് വെടിയാണ് ശിവകുമാർ സിദ്ദീഖിക്കു നേരെ ഉതിർത്തത്. ഇയാൾക്കു പുറമെ കൊലപാതകത്തിൽ പങ്കുള്ള മറ്റ് രണ്ട് ഷൂട്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയുടെ നിർദേശപ്രകാരമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ശിവകുമാർ പൊലീസിന് മൊഴി നൽകി. ബിഷ്ണോയിയുമായി അടുത്ത ബന്ധമുള്ള ശുഭം ലോങ്കറാണ് ശിവകുമാറിനെ അൻമോളിനു പരിചയപ്പെടുത്തിയത്. നേരത്തെ അൻമോളിന് ഷൂട്ടർമാരുമായി ബന്ധമുണ്ടെന്നും സ്നാപ്ചാറ്റ് വഴി ഇവർ ആശയവിനിമയം നടത്തിയെന്നും മുംബൈ പൊലീസ് പറഞ്ഞിരുന്നു.
ഇന്ത്യയിൽനിന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കഴിഞ്ഞ വർഷം കെനിയയിലേക്ക് കടന്ന അൻമോൾ നിലവിൽ കാനഡയിലാണെന്നാണ് വിവരം. 2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊലചെയ്തതിലും സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിയുതിർത്തതിലും അൻമോളിനെതിരെ കേസുകളുണ്ട്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.