ആൾക്കൂട്ട കൊലക്കെതിരെ ബോധവത്കരണത്തിനിറങ്ങിയ യുവാവിനെയും തല്ലിക്കൊന്നു
text_fieldsഅഗർത്തല: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് സംശയിച്ച് രണ്ട് നിരപരാധികളെ അടുത്തിടെ ആൾക്കൂട്ടം തല്ലിക്കൊന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നിർദേശപ്രകാരം ബോധവത്കരണത്തിനിറങ്ങിയ യുവാവിനെയും ജനക്കൂട്ടം തല്ലിക്കൊന്നു.
ത്രിപുരയിലെ വാർത്തവിതരണ, സാംസ്കാരിക വകുപ്പ് നിയോഗിച്ച സുകാന്ത ചക്രവർത്തി(33)യെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയതെന്ന് കരുതി മർദിച്ച് കൊന്നത്. തെക്കൻ ത്രിപുര ജില്ലയിലെ കാച്ചറയിൽ കഴിഞ്ഞദിവസമാണ് സംഭവം.
തെറ്റായ വിവരം പരത്തി ജനങ്ങളെ ഭീതിയിലാക്കുന്നത് തടയാനും ഉൗഹാപോഹങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ജനങ്ങളെ ബോധവത്കരിക്കാൻ നിയോഗിച്ച സംഘത്തിലെ അംഗമാണ് സുകാന്ത. പ്രചാരണവുമായി സംഘം സബ്രൂമിൽനിന്ന് തിരിച്ചുവരുേമ്പാഴാണ് ജനക്കൂട്ടം തടഞ്ഞത്.
വാഹനത്തിലിരുന്ന് അനൗൺസ്മെൻറ് നടത്തിയ ചക്രവർത്തിയെ തല്ലിക്കൊന്ന ആൾക്കൂട്ടം ഡ്രൈവറെയും മർദിച്ചു. ആൾക്കൂട്ട കൊലകൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എസ്.എം.എസ്, ഇൻറർനെറ്റ് സേവനം ഒരു ദിവസത്തേക്ക് റദ്ദാക്കിയതായി ഡി.ജി.പി എ.കെ. ശുക്ല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.