എല്ലാം മാറ്റിമറിച്ച് െഫർഗുസന്‍റെ ആ വിളി; വീണ്ടും ചരിത്രമെഴുതുമോ 36 കാരന്‍റെ ഈ രണ്ടാമൂഴം
text_fieldsന്യൂഡൽഹി: സ്പെയിനിലും ഇറ്റലിയിലും വമ്പൻ ടീമുകൾക്കൊപ്പം ചെലവിട്ട നീണ്ട ഇടവേളക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടക്കം രാജകീയമാക്കിയ ക്രിസ്റ്റ്യാനോയുടെ മനംമാറ്റുന്നതിൽ നിർണായകമായത് പഴയ പരിശീലകൻ സർ അലക്സ് ഫെർഗുസന്‍റെ ആ ഫോൺ വിളി. മാഞ്ചസ്റ്റർ സിറ്റി മുതൽ റയൽ മഡ്രിഡ് വരെ പേരുകൾ പലത് സജീവമായി അന്തരീക്ഷത്തിൽ മുഴങ്ങുന്നതിനിടെയായിരുന്നു ചിത്രം മാറുന്നത്. എന്തായിരിക്കും അവർ തമ്മിൽ സംസാരിച്ചിട്ടുണ്ടാകുക? ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
മെലിഞ്ഞുതെളിഞ്ഞ ശരീരമുള്ള 18 കാരൻ പയ്യൻ 2003ലാണ് കാലിൽ മന്ത്രജാലവും തലനിറയെ തന്ത്രങ്ങളുമായി ലിസ്ബണിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് വിമാനം കയറുന്നത്. അന്നത്തെ പരിശീലകൻ അലക്സ് ഫെർഗുസണു കീഴിൽ അതിവേഗമാണ് പുതിയ പോർച്ചുഗീസ് പോരാളി ലോകം ജയിക്കുന്നത്. ആറു വർഷത്തിനിടെ ടീമിനൊപ്പം മൂന്നു പ്രിമിയർ ലീഗ് കിരീടങ്ങൾ. ആദ്യമായി ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ഫിഫ ബാലൺ ദി ഓർ പുരസ്കാരം. എണ്ണിയാലൊടുങ്ങാത്ത വലിയ നേട്ടങ്ങൾ വേറെയും. അതിനിടെയായിരുന്നു, റയൽ മഡ്രിഡിൽനിന്ന് കിടിലൻ ഓഫർ വരുന്നത്. 11 കോടി ഡോളർ (800 കോടി രൂപ) നൽകി പ്രിമിയർ ലീഗിൽനിന്ന് ലാ ലിഗയിെലത്തിച്ച താരത്തെ നീണ്ട ഒമ്പതു വർഷമാണ് റയൽ പൊന്നുപോലെ കാത്തത്, ക്രിസ്റ്റ്യാനോ തിരിച്ചും. ലോക ഫുട്ബാളിൽ പുതിയ റെക്കോഡുകളിലേക്ക് ഒറ്റയാനായി പറന്നുകയറിയ കാലം. അയൽപക്കത്ത്, കറ്റാലൻ നിരയിൽ കൊമ്പുകോർക്കാനും ഗോൾവേട്ടയിൽ മാറിയും മറിഞ്ഞും മുന്നിൽനിൽക്കാനും ലയണൽ മെസ്സി ഉണ്ടായിരുന്നതിനാൽ മൈതാനത്തും മാധ്യമങ്ങളിലും പോരാട്ടം ഒരുപോലെ കത്തിനിന്നു. 438 കളികളിൽ ടീമിനായി ക്രിസ്റ്റ്യാനോ സ്കോർ ചെയ്തത് 450 തവണ. 10ാം യൂറോപ്യൻ കപ്പ് സമ്മാനിച്ച് സൂപർ താരം മടങ്ങുംമുമ്പ് റയൽ പലതു ഷെൽഫിലെത്തിച്ചുകഴിഞ്ഞിരുന്നു. 2016- 18 കാലയളവിൽ തുടർച്ചയായ മൂന്നു വർഷം ലാ ലിഗ കിരീടം അതിലൊന്നു മാത്രം. പിന്നീടാണ് ഇറ്റലിയിലെ പണമൊഴുകും ക്ലബായ യുവന്‍റസിലെത്തുന്നത്. അവിടെയും താരത്തിളക്കത്തിന് മങ്ങലേൽക്കാതെ ക്രിസ്റ്റ്യാനോ കാത്തു.
അതിനിടെ, പുതിയ ട്രാൻസ്ഫർ ജാലകം തുറന്നതോടെ റോണോയുടെ മടക്കം സംബന്ധിച്ച വാർത്തകൾക്കും ചൂടുപിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്നായിരുന്നു ആദ്യ ഗോസിപുകൾ. പ്രായം 36ലെത്തുകയും കാലിലെ ശൗര്യം പഴയ ഊക്ക് കാണിക്കുന്നില്ലെന്ന പരാതി ഉയരുകയും ചെയ്തിട്ടും ടീമുകൾ പിന്നാലെ കൂടി. അതിനിടെ, യുവെ വിടാൻ അനുമതി തേടിയ വാർത്ത കോച്ച് മാസിമിലാനോ അലെഗ്രി പരസ്യമാക്കിയും നാം കണ്ടു.
എല്ലാം കലങ്ങിമറിയുന്നതിനിടെയാണ് പഴയ ശിഷ്യനെ തേടി സർ അലക്സ് ഫെർഗുസന്‍റെ ആ വിളി എത്തുന്നത്. തുടക്കം നൽകിയ പഴയ തട്ടകത്തെ മാനിക്കാനായിരുന്നു ആവശ്യം. ഫെർഗുസണിനു പുറമെ ബ്രൂണോ ഫെർണാണ്ടസ് ഉൾപെടെ താരങ്ങളും, ഫോൺ വിളികളും ചാറ്റുകളുമായി വിടാതെ കൂടിയതിനൊടുവിൽ ക്രിസ്റ്റ്യാനോ തീരുമാനമെടുത്തു- ഇനി യുനൈറ്റഡിൽ കളിക്കും.
അന്ന് യുനൈറ്റഡ് ജഴ്സി അണിഞ്ഞ കാലത്തെ തിളപ്പ് അത്രക്ക് പോരെങ്കിലും ക്രിസ്റ്റ്യാനോക്കു പകരം നിൽക്കാൻ ഇപ്പോഴും ലോക ഫുട്ബാളിൽ ആളില്ലെന്നതു തന്നെ മതി ടീമിന് കരുത്തുകൂട്ടാൻ. പോൾ േപാഗ്ബ, ബ്രൂണോ എന്നിവർക്കൊപ്പം മുന്നേറ്റം ഭരിക്കാൻ റോണോ ഉണ്ടായാൽ യുനൈറ്റഡിന് വർഷങ്ങൾക്കു ശേഷം ആദ്യമായി കിരീടവും സ്വപ്നം കാണാം. 2013ൽ ഫെർഗുസൺ ടീം വിട്ട ശേഷം ഇതുവരെയും പ്രിമിയർ ലീഗിൽ ചാമ്പ്യൻപട്ടം യുനൈറ്റഡ് ഷെൽഫിലെത്തിയിട്ടില്ല. അതുതിരുത്തിയാകുമോ രണ്ടാമൂഴം എന്ന കാത്തിരിപ്പിലാണ് ആരാധകർ.
അഞ്ചു തവണ ബാലൻ ദി ഓർ സ്വന്തമാക്കിയ താരത്തിന്‍റെ കരിയറിൽ വിവിധ ടീമുകൾക്കൊപ്പം സ്വന്തമാക്കാനായത് 30 മുൻനിര കിരീടങ്ങൾ. അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ തുടങ്ങി നാല് ഫിഫ ക്ലബ് വേൾഡ് കപ്, ഏഴ് ലീഗ് കിരീടങ്ങൾ, പോർചുഗൽ ജഴ്സിയിൽ യൂറോ കിരീടം എന്നിങ്ങനെ പലതും. യുനൈറ്റഡിനു വേണ്ടി സ്കോർ ചെയ്തത് 118 ഗോളുകളും. അതിൽ ഇനിയെത്ര കൂടുമെന്നു കൂടി കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.