ബംഗളൂരുവിലെത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ
text_fieldsബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു ബംഗളൂരുവിലെത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീനും അതിനുശേഷം ആർ.ടി.പി.സി.ആർ പരിശോധനയും നിർബന്ധമാക്കുന്ന കാര്യം ബി.ബി.എം.പി പരിഗണിക്കുന്നു.
ബംഗളൂരുവിലെത്തുന്നവർ സ്വയം നിശ്ചിത ദിവസം ക്വാറൻറീനിൽ നിന്നശേഷം ആർ.ടി.പി.സി.ആർ പരിശോധനക്കു വിധേയമായി ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ പോകാൻ അനുവദിക്കുന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് ബി.ബി.എം.പി ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാറിന് നൽകും. സർക്കാറിെൻറ അനുമതി ലഭിച്ചശേഷമായിരിക്കും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കുക.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് നഗരത്തിലെത്തുന്നവര്‍ കോവിഡ് വാഹകരാകുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോർപറേഷന് കടുത്ത നടപടിയുമായി മുന്നോട്ടുപോകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ ഏപ്രില്‍ ഒന്നുമുതല്‍ ആര്.ടി.പി.സി. ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് അറിയിച്ചതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
അതേസമയം കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകത്തിലേക്ക് വരാന്‍ നിര്‍ബന്ധമായും 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര് പരിശോധനഫലം കൈവശം കരുതണം. നിർബന്ധിത സ്വയംനിരീക്ഷണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇക്കാര്യം സർക്കാറിനെ അറിയിക്കുമെന്നും ബി.ബി.എം.പി ചീഫ് കമീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
പൊതുജനങ്ങളില്‍നിന്ന് സഹകരമുണ്ടായില്ലെങ്കില് ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് നേരത്തേ ആരോഗ്യമന്ത്രി കെ. സുധാകര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ പൊതുപരിപാടികള്‍ക്കും ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ക്കും നഗരത്തില്‍ കര്‍ശന നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.