മധ്യപ്രദേശിലെ കർഷകരെ പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടത് നോട്ട് നിരോധനം
text_fieldsഭോപ്പാൽ: കടയുടമകൾ കത്തിനശിച്ച കടകൾ നോക്കി നെടുവീർപ്പിടുന്നു. പൊലീസ് ബുള്ളറ്റേറ്റ് മരിച്ച മക്കളെയോർത്ത് കർഷകർ വിലപിക്കുന്നു. അക്രമാസക്തമായ ഒരു പ്രക്ഷോഭത്തിന്‍റെ അന്ത്യനാളുകളിൽ ഇരുവിഭാഗത്തിനും പറയാൻ ഒരൊറ്റ കാരണമേയുള്ളൂ. നോട്ടുനിരോധനം. വ്യാപാരിയും കർഷകനും തമ്മിലുള്ള വിശ്വാസം ഇല്ലാതാക്കിയത് നോട്ടുനിരോധനമാണ്. അത് ഞങ്ങളുടെ മാർക്കറ്റിനെ തന്നെ ഇല്ലാതാക്കി. മന്ത്സൗറിലെ വ്യാപാരിയായ സുനിൽ ഗട്ടിയ പറയുന്നു.
വ്യാപാരികൾ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ദിനേഷ് പാട്ടിദാർ എന്ന കർഷകന്‍റെ ആരോപണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെപ്പിൽ ഇദ്ദേഹത്തിന്‍റെ മകൻ അഭിഷേക് മരിച്ചിരുന്നു. കർഷകരുടെ പക്കൽ ഒട്ടും പണമില്ലെന്ന് വ്യപാരികൾക്ക് അറിയാമായിരുന്നുവെന്ന് മറുപക്ഷവും ആരോപണമുന്നയിക്കുന്നു.
വിവാഹം, മരണം, വായ്പ തിരിച്ചടക്കൽ തുടങ്ങിയ കർഷകരുടെ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണമായിരുന്നു. എന്നാൽ നോട്ടുനിരോധനത്തിന് ശേഷം സർക്കാർ നിയന്ത്രിത മാർക്കറ്റുകളിലെ വ്യാപാരികൾ നൽകിയത് ചെക്കുകളാണ്. 20 ദിവസങ്ങൾക്ക് ശേഷമായിരുന്നു ചെക്കുകൾ മാറിക്കിട്ടിയത്. പണം തന്നെ നൽകണമെങ്കിൽ കർഷകർ വ്യാപാരികൾക്ക് കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ നൽകാൻ നിർബന്ധിതരായി തീർന്നു.
പണം ലഭിക്കാൻ വേണ്ടിയാണ് പല കർഷകരും വില കുറച്ച് ഉത്പന്നം നൽകിയതും കടത്തിന് അടിമകളായതും. കർഷകനായ ലക്ഷ്മിനാരായൺ വിശ്വകർമ പറഞ്ഞു. വിളവെടുപ്പ് കാലത്ത് തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റ് കടങ്ങൾ തീർക്കാനാണ് കർഷകർ ശ്രമിക്കാറുള്ളത്. വലിയ പലിശക്കായിരിക്കും കർഷകർ വായ്പയെടുക്കുക. ഇതിനൊന്നും പറ്റാത്തവർ അവരുടെ നിലം തന്നെ വിൽക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയമായിരുന്നില്ല. ആരുടേയും പക്കൽ പണമുണ്ടായിരുന്നില്ല. നോട്ടുനിരോധനം മൂലം വ്യാപാരികളും കർഷകരും ദുരിതത്തിലായിരുന്നു. ഒരു തീപൊരി മാത്രം മതി ആളിപ്പടരാൻ എന്ന അവസ്ഥ. അതാണ് പ്രക്ഷോഭത്തിനും അക്രമത്തിനും എല്ലാം വഴിമരുന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.