കർഷക സമരഭൂമിയിലെത്തിയ മേധ പട്കറെ അറസ്റ്റ് ചെയ്തു വിട്ടു
text_fieldsഭോപാൽ: മധ്യപ്രദേശിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട കർഷകരുടെ ഭവനങ്ങൾ സന്ദർശിക്കാനെത്തിയ സാമൂഹികപ്രവർത്തക മേധ പട്കർ, സ്വരാജ് ഇന്ത്യ സംഘടന നേതാവ് യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ് ഉൾപ്പെടെ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭമേഖലയായ മന്ത്സൗറിൽ പ്രവേശിക്കാൻ ശ്രമിക്കവെ രത്ലാം ജില്ലയിലെ ധോധർ ടോൾ പ്ലാസയിൽവെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും വാറൻറ് കാട്ടിയില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷകരെ കാണാൻ പോകുന്ന തങ്ങളെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് മേധ പട്കർ പറഞ്ഞു. സംഘത്തെ തടഞ്ഞതിൽ പ്രതിഷേധിച്ച് ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറ് മോഹിത് കുമാർ പാണ്ഡെ ഉൾപ്പെടെയുള്ളവർ മൗ-നീമുച്ച് ഹൈവേ ഉപരോധിച്ചു. സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചും സംഘം ഒരു മണിക്കൂർ റോഡിൽ ഇരുന്നു. ഇതേതുടർന്നായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ വിട്ടയച്ചു.
അതേസമയം, കർഷകപ്രക്ഷോഭം ശക്തമായ മധ്യപ്രദേശിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ ഭോപാൽ ദസറ മൈതാനത്ത് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ശനിയാഴ്ച ആരംഭിച്ച നിരാഹാരം അവസാനിപ്പിച്ചു. മുൻ മുഖ്യമന്ത്രി കൈലാശ് ജോഷി നൽകിയ ഇളനീർ കുടിച്ചാണ് സമരം അവസാനിപ്പിച്ചത്. ശനിയാഴ്ചയും ഞായറാഴ്ചയും അക്രമങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിൽനിന്ന് പിൻവാങ്ങുന്നതെന്ന് ചൗഹാൻ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഒരു ഉറപ്പും നൽകിയിട്ടില്ല. പലിശയില്ലാത്ത വായ്പ കർഷകർക്ക് നൽകുന്നതിനാൽ വായ്പ എഴുതിത്തള്ളാനാകില്ലെന്ന് നേരേത്ത കൃഷിമന്ത്രി അറിയിച്ചിരുന്നു. കർഷകപ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിയുതിർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിെയടുക്കുമെന്ന് ചൗഹാൻ കർഷകർക്ക് ഉറപ്പുനൽകി. നേരേത്ത, നിരാഹാരം അവസാനിപ്പിക്കാൻ തന്നോട് കർഷകകുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ ഗ്രാമം സന്ദർശിക്കാനും ആവശ്യപ്പെട്ടിരുന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെടുമെങ്കിൽ അടുത്ത നടപടി തീരുമാനിക്കുമെന്നും ചൗഹാൻ പറഞ്ഞിരുന്നു. കാർഷികവായ്പ എഴുതിത്തള്ളുക, ഉൽപന്നങ്ങൾക്ക് താങ്ങുവില നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദിവസങ്ങളായി മധ്യപ്രദേശിലെ മന്ത്സൗറിൽ കർഷകർ പ്രക്ഷോഭം നടത്തുന്നത്. സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ആറു കർഷകർ മരിച്ചിരുന്നു. അതോടെ പ്രക്ഷോഭം അനിയന്ത്രിതമായി. തുടർന്നാണ് സമാധാനം പുനഃസ്ഥാപിക്കാൻ നിരാഹാരസമരതന്ത്രവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
സമാധാനം തിരിച്ചുവരുന്ന മന്ത്സൗറിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച നിരോധനാജ്ഞക്ക് ഇളവ് നൽകി. എന്നാൽ, കർഷകർക്കുനേരെ വെടിവെപ്പുണ്ടായ പിപ്ലിയാമണ്ഡി സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ തുടരുകയാണ്. മറ്റു േമഖലകളിൽ 144 പ്രകാരമുള്ള നിയന്ത്രണമുണ്ട്. ഇതിനിടെ, വെടിവെപ്പിൽ കൊല്ലപ്പെട്ട കർഷകൻ മയക്കുമരുന്നുകേസുകളിൽ പ്രതിയാണെന്ന ആരോപണവുമായി പൊലീസ് രംഗത്തെത്തി. കൻഹയ്യ ലാൽ പാട്ടിദാറിനെതിരെയാണ് (38) ആരോപണം. മയക്കുമരുന്ന് കടത്തിയതിന് നാല് കേസും ഒളിവിൽ കഴിഞ്ഞതിന് ഒരു കേസും ഇയാൾക്കെതിരെയുണ്ടെന്ന് എസ്.പി മനോജ് സിങ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.