വരുൺ ഗാന്ധി ഇനി എന്തു ചെയ്യും? പ്രതികരിച്ച് മനേക ഗാന്ധി
text_fieldsലഖ്നോ: മകനും പിലിഭിത്തിലെ സിറ്റിങ് എം.പിയുമായ വരുണ്‍ ഗാന്ധിക്ക് ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ ആദ്യമായി പ്രതികരിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. വരുൺ ഇനി എന്തു ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അദ്ദേഹത്തോടു തന്നെ ചോദിക്കൂ എന്നായിരുന്നു മനേകയുടെ പ്രതികരണം.
ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ 10 ദിവസത്തെ പ്രചാരണത്തിനെത്തിയതായിരുന്നു മനേക. ബി.ജെ.പിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. ‘ബി.ജെ.പിയിലായിരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയതില്‍ അമിത് ഷായോടും പ്രധാനമന്ത്രിയോടും നദ്ദയോടും ഞാന്‍ നന്ദി പറയുന്നു. വളരെ വൈകിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്, അതിനാല്‍ മണ്ഡലം സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിഭിത്ത് അല്ലെങ്കില്‍ സുല്‍ത്താന്‍പൂര്‍, പാര്‍ട്ടി തീരുമാനത്തോട് ഏറെ നന്ദിയുണ്ട്’ -മനേക ഗാന്ധി പറഞ്ഞു.
സുൽത്താൻപൂരിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ട്, കാരണം ഒരു എം.പിയും വീണ്ടും തെരഞ്ഞെടുക്കപ്പെടാത്ത ചരിത്രമാണ് ഈ മണ്ഡലത്തിനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് മനേക സുല്‍ത്താന്‍പൂര്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര സർക്കാറിനെയും യോഗി ആദിത്യനാഥ് സർക്കാറിനെയും നിരന്തരം വിമർശിച്ചിരുന്ന വരുണിന് ഇത്തവണ പാർട്ടി സീറ്റ് നൽകില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മന്ത്രി ജിതിൻ പ്രസാദയാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. പിലിഭിത്തിൽനിന്നു 2009ലാണ് വരുൺ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014ൽ മനേക ഗാന്ധി മത്സരിച്ചു ജയിച്ചെങ്കിലും 2019ൽ ബി.ജെ.പി വരുണിനെ മത്സരിപ്പിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു ഒഴിവാക്കിയതിനു പിന്നാലെ ഇൻഡ്യ സഖ്യം വരുണിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.