മംഗളൂരു സ്ഫോടന കേസ്; എൻ.ഐ.എക്ക് കൈമാറും
text_fieldsബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ഉടൻ കൈമാറും. ഒന്നോ രണ്ടോ ദിവസത്തിനകം കേസ് എൻ.ഐ.എക്ക് കൈമാറുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ഡി.ജി.പി പ്രവീൺസൂദ് എന്നിവർ പറഞ്ഞു.
കേസിൽ രാജ്യദ്രോഹ പ്രവൃത്തികൾ ഉൾപ്പെടുന്നതായി കാണിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിന് ശനിയാഴ്ച കത്തു നൽകിയിരുന്നു. തുടക്കം മുതൽ എൻ.ഐ.എയും കേസിൽ സമാന്തരമായി വിവരം ശേഖരിച്ചിരുന്നു. മംഗളൂരുവിലും എൻ.ഐ.എ ഓഫിസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയതായും ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുകൂല പ്രതികരണം ലഭിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. ബംഗളൂരുവിൽ അടുത്തിടെയാണ് എൻ.ഐ.എ ഓഫിസ് തുറന്നത്.
കർണാടകയിൽ കഴിഞ്ഞയാഴ്ചയിൽ തീവ്രവാദികളുടെ സ്ഫോടനശ്രമമുണ്ടായേക്കുമെന്ന് ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. ഹിന്ദുത്വ നേതാക്കൾക്കു പകരം പൊതുയിടങ്ങളെ ലക്ഷ്യം വെച്ചുള്ള ചെറിയ സ്ഫോടനങ്ങൾവഴി പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് അന്വേഷണ സംഘം കരുതുന്നു.
എന്നാൽ, കാര്യമായ വൻ സ്ഫോടനത്തിനാണ് ഷാരിഖ് പദ്ധതിയിട്ടതെന്നും അത് പാതിവഴിയിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നുമാണ് ആഭ്യന്തര മന്ത്രിയുടെ വാദം. ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതിയുടെ യാത്ര.
മംഗളൂരുവിൽനേരത്തെ ചുവരെഴുത്ത് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാൾ ഏഴു മാസങ്ങൾക്കുശേഷം ഹൈകോടതി നൽകിയ ജാമ്യത്തിലാണ് പുറത്തിറങ്ങിയതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. നാഗോരിയിലെ സ്ഫോടനസ്ഥലവും പരിക്കേറ്റ ഓട്ടോ ഡ്രൈവർ പുരുഷോത്തം പൂജാരിയെയും മന്ത്രി സന്ദർശിച്ചു.
സ്ഫോടനത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന എച്ച്. മുഹമ്മദ് ഷാരിഖിന് എട്ടു വിദഗ്ദ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ചികിത്സിക്കുന്നത്. ഓട്ടോയിൽ സഞ്ചരിക്കവെ ഇയാളുടെ പക്കലുണ്ടായിരുന്ന പ്രഷർ കുക്കറിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം.
എന്നാൽ, ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില വീണ്ടെടുക്കാതെ പൊലീസിന് മൊഴിയെടുക്കാനാവില്ല. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യൽ ആരംഭിക്കുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു.
സ്ഫോടനത്തിനുമുമ്പ് ഷാരിഖ് കോയമ്പത്തൂർ, മധുരൈ, കന്യാകുമാരി, നാഗർകോവിൽ, കൊച്ചി എന്നിവിടങ്ങളിലടക്കം സന്ദർശനം നടത്തിയിരുന്നതായും ഇവിടേക്ക് പ്രത്യേകം അന്വേഷണ സംഘങ്ങളെ അയച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് 15ന് ശിവമൊഗ്ഗയിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിലും അന്വേഷണ സംഘം ഷാരിഖിന്റെ പങ്ക് കണ്ടെത്തിയിരുന്നു.
അന്ന് അറസ്റ്റിലായ മുഹമ്മദ് ജാബി (30)യെ ചോദ്യം ചെയ്തതിൽനിന്നാണ് ഷാരിഖിനെ കുറിച്ച വിവരം ലഭിച്ചത്. ജാബിയെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവന്നത് ഷാരിഖാണെന്നാണ് പൊലീസിന്റെ വാദം. എങ്ങനെ എളുപ്പത്തിൽ സ്ഫോടക വസ്തുക്കൾ നിർമിക്കാമെന്നത് സംബന്ധിച്ച വിഡിയോകളാണ് ജാബിക്ക് ഷാരിഖ് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 15ലെ കത്തിക്കുത്ത് കേസിലും കർണാടക പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ഇടക്കിടെ വിലാസം മാറ്റുന്ന ഷാരിഖ് ശിവമൊഗ്ഗയിലെ തീർഥഹള്ളിയിലും കഴിഞ്ഞിരുന്നതായി ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.