മംഗലാപുരം ബോട്ട് അപകടം: ഒമ്പതു പേർക്ക് തിരച്ചിൽ തുടരുന്നു
text_fieldsബേപ്പൂർ: മംഗളൂരു തീരത്തിനപ്പുറം കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പതുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങളും സ്വദേശത്തേക്ക് കൊണ്ടുപോയി. രണ്ടു പേർ രക്ഷപ്പെട്ടിരുന്നു. തമിഴ്നാട് കുളച്ചൽ സ്വദേശിയും ബോട്ടിെൻറ സ്രാങ്കുമായ ഹെൻലിൻ അലക്സാണ്ടർ (41), ദാസൻ തിന്നപ്പൻ (48) പശ്ചിമ ബംഗാൾ സ്വദേശി പവൻ ദാസ് (32) എന്നിവരാണ് മരിച്ചത്.
തമിഴ്നാട് രാമനാഥപുരം സ്വദേശി വേൽമുരുകൻ (37), ബംഗാൾ സ്വദേശി സുനിൽദാസ് (34) എന്നിവരാണ് രക്ഷപ്പെട്ടവർ. തമിഴ്നാട് രാമനാഥപുരം സ്വദേശി പഴനി വേലു, ബാലമുരുകൻ, വേദമാണിക്യം, തൂത്തുക്കുടി സ്വദേശി ടൻസൻ, കൊൽക്കത്ത സ്വദേശികളായ മണിക്ദാസ്, മണിക് ചക്രവർത്തി, പവൻദാസ്, സോബൽ ദാസ്, സുനിൽ ദാസ് എന്നിവരെയാണ് കാണാതായത്. ബേപ്പൂരിൽനിന്ന് പുറെപ്പട്ട, എം. ജാഫറിെൻറ ഉടമസ്ഥതയിലുള്ള 'റബ്ബ' ബോട്ടാണ് മംഗളൂരു തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറ് ചൊവ്വാഴ്ച അതിരാവിലെ അപകടത്തിൽപ്പെട്ടത്. മുംബൈ ഭാഗത്തേക്ക് പോകുകയായിരുന്ന സിംഗപ്പൂർ രജിസ്ട്രേഷനുള്ള 'എ.പി.എൽ. ഹവറെ' എന്ന ചരക്കു കപ്പൽ ഇടിച്ചാണ് ബോട്ട് തലകീഴായി മറിഞ്ഞ് കടലിൽ മുങ്ങിത്താഴ്ന്നത്. കപ്പലുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. മറ്റു മത്സ്യബന്ധന ബോട്ടുകളും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്നു.
ഇരുമ്പു ബോട്ടും വലയും മത്സ്യബന്ധന ഉപകരണങ്ങളും പൂർണമായും നശിച്ചതിനാൽ 1.2 കോടി രൂപ നഷ്ടം കണക്കാക്കുന്നു. ഫിഷറീസ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ, ബോട്ട് ഉടമ എം. ജാഫർ, ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കരിച്ചാലി പ്രേമൻ, സെക്രട്ടറി സി. മുസ്തഫ ഹാജി എന്നിവർ മംഗളൂരു തുറമുഖത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ടോടെയും കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയും പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവർ ഡോണിയർ വിമാനത്തിെൻറ സഹായത്തോടെ നിരീക്ഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.