സ്വാതന്ത്ര്യ ദിന ചടങ്ങിൽ ആറ് ബി.ജെ.പി എം.എൽ.എമാരിൽ അഞ്ച് പേരും പങ്കെടുത്തില്ല
text_fieldsമംഗളൂരു: മംഗളൂരു നെഹ്റു മൈതാനിയിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള ആറ് ബി.ജെ.പി എം.എൽ.എമാരിൽ അഞ്ചു പേർ പങ്കെടുത്തില്ല. പരേഡ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് മാത്രമാണ് എത്തിയത്.
വി.ഐ.പി പവലിയനിൽ മറ്റു എം.എൽ.എമാർക്ക് ഒരുക്കിയ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു. ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ, മേയർ ജയാനന്ദ് അഞ്ചൻ, മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് ആർ. ജയിൻ, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത്, ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. കെ. ആനന്ദ്, കോർപറേഷൻ കമ്മീഷണർ സി.എൽ. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന മന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് സ്വാതന്ത്ര്യ ദിന പരേഡിൽ ദേശീയ പതാക ഉയർത്തിയത്. സദാചാര പൊലീസ് ചമഞ്ഞ് ഫാഷിസ്റ്റുകൾ നടത്തുന്ന സാമുദായിക വിദ്വേഷ പ്രവർത്തനങ്ങൾക്ക് എതിരെ സർക്കാർ നടപടി കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘നിർഭയരായി ജീവിക്കാനും മനുഷ്യർ ജാതി, മത വിഭാഗീയ ചിന്തകളോടെ പരസ്പരം സംശയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കഴിയണം. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത് ഇതിന്റെ വിപരീത ഇന്ത്യയാണ്. അതിനുവേണ്ടിയുള്ള അവരുടെ അജണ്ടകൾ കർണാടകയിലും വിശിഷ്യാ തീരദേശ ജില്ലകളിൽ അവർ നടപ്പാക്കുകയായിരുന്നു. അത് തുടരുന്നത് ചെറുക്കുക എന്നത് ജനങ്ങൾ കോൺഗ്രസിന് നൽകിയ അധികാരത്തിന്റെ പ്രയോഗമാണ്’ -ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.