മംഗളൂരു സർവകലാശാല കോളജ് വികസന സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സ്പീക്കർ യു.ടി ഖാദർ പുറത്ത്
text_fieldsമംഗളൂരു: മംഗളൂരു സർവകലാശാല കോളജ് വികസന സമിതി (സി.ഡി.സി) അധ്യക്ഷ പദവിയിൽ മണ്ഡലം എം.എൽ.എ തുടരേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. 2023-24 വർഷത്തെ പരിഷ്‍കരണം സംബന്ധിച്ച് അക്കാദമിക് കൗൺസിൽ സമർപ്പിച്ച നിർദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വൈസ് ചാൻസലറാവും ഇനി സി.ഡി.സി പ്രസിഡന്റ്. ആറംഗ സമിതിയിൽ ഒരാളായി മണ്ഡലം എം.എൽ.എയുണ്ടാവും.
മംഗളൂരു സർവകലാശാല ഫൈനാൻസ് കമ്മിറ്റിയിൽ അവതരിപ്പിച്ച ശേഷം സർക്കാർ അംഗീകാരത്തിനായി അയക്കുമെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രഫ. ജയരാജ് അമിൻ പറഞ്ഞു. എം.എൽ.എ പ്രസിഡന്റും വി.സി ഓണററി പ്രസിഡന്റും എന്നതാണ് നിലവിലെ ഘടന.
പുതിയ തീരുമാനം നടപ്പാവുന്നതോടെ മംഗളൂരു മണ്ഡലം എം.എൽ.എയും കർണാടക നിയമസഭ സ്പീക്കറുമായ അഡ്വ. യു.ടി. ഖാദറിനാണ് സി.ഡി.സി പ്രസിഡന്റ് പദവി നഷ്ടമാവുക. ഈ മണ്ഡലത്തിലെ കൊണാജെയിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. അതേസമയം, സർവകലാശാല തീരുമാനം പി.യു കോളജ് വികസന സമിതികളിലും ബാധകമാക്കാൻ കഴിയുമെന്നതിനാൽ കാമ്പസിൽ രാഷ്ട്രീയ അധികാര കൈകടത്തൽ ഒഴിവാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉഡുപ്പി ഗവ. പി.യു കോളജിലെ ഹിജാബ് നിരോധ വിഷയത്തിൽ ഉഡുപ്പി മുൻ എം.എൽ.എ കെ. രഘുപതി ഭട്ട് കൈക്കൊണ്ട സമീപനമാണ് ഈ നിരീക്ഷണത്തിൽ പ്രധാനം. ബി.ജെ.പി നേതാവായ അദ്ദേഹം കോളജ് വികസന സമിതി പ്രസിഡന്റ് എന്ന നിലയിൽ കൈക്കൊണ്ട തീരുമാനങ്ങൾ എതിർ ശബ്ദങ്ങൾ അവഗണിച്ച് കഴിഞ്ഞ സർക്കാർ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.