'മാമ്പഴ നയതന്ത്രം'; മോദിക്കും അമിത് ഷായ്ക്കും ഉപഹാരമായി ബംഗാള്‍ മാങ്ങകള്‍ അയച്ച് മമത
text_fieldsകൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉപഹാരമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള മാങ്ങകള്‍ അയച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സര്‍ക്കാറും ബംഗാള്‍ സര്‍ക്കാറും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍, 'മാമ്പഴ നയതന്ത്രം' എന്നാണ് മമതയുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
ബംഗാളിലെ തനത് ഇനങ്ങളായ ഹിമസാഗര്‍, മാള്‍ഡ, ലക്ഷ്മണ്‍ഭോഗ് എന്നീ മാങ്ങകളാണ് മമത ഉപഹാരമായി പ്രത്യേക ദൂതന്‍ വഴി അയച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തുടങ്ങിയവര്‍ക്കും മാങ്ങ അയച്ചിട്ടുണ്ട്.
2011 മുതല്‍ മമത തുടര്‍ന്നുവരുന്നതാണ് ഇത്തരത്തില്‍ ഉപഹാരം നല്‍കുന്ന പതിവ്. എന്നാല്‍, കേന്ദ്ര സര്‍ക്കാറുമായുള്ള ഏറ്റുമുട്ടല്‍ ഏറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ഉപഹാരം നല്‍കിയിരിക്കുന്നത്.
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച അക്രമങ്ങള്‍, ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കല്‍, നാരദ അഴിമതിക്കേസ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയത്. ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരനാണെന്നും സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം.
രാഷ്ട്രീയപരമായി ഇരുചേരിയിലാണെങ്കിലും താനും മമതയും തമ്മില്‍ വ്യക്തിപരമായി നല്ല ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. തനിക്കായി കുര്‍ത്തകളും ബംഗാളി മധുരപലഹാരങ്ങളും അവര്‍ അയക്കാറുണ്ടെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.