ത്രിപുരയിൽ സാഹ സ്ഥാനമൊഴിഞ്ഞു; പുതിയ മന്ത്രിസഭക്ക് അവകാശവാദം ഉന്നയിക്കാതിരുന്നത് ചർച്ചയായി
text_fieldsഅഗർത്തല: ത്രിപുരയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി മണിക് സാഹ ഗവർണർക്കു രാജി നൽകി. അതേസമയം, തുടർച്ചയായി രണ്ടാമതും അധികാരം നിലനിർത്തിയ ബി.ജെ.പിയെ നയിച്ച മണിക് സാഹ പുതിയ മന്ത്രിസഭ രൂപവത്കരണത്തിനുള്ള അവകാശവാദമുന്നയിക്കാത്തത് ചർച്ചയായി. 60 അംഗ നിയമസഭയിൽ 32 സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റ് സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും ജയിച്ചിരുന്നു.
‘‘ഗവർണർ സത്യദിയോ നാരായണിനു മുമ്പാകെ രാജി സമർപ്പിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ പദവിയിൽ തുടരാൻ ഗവർണർ ആവശ്യപ്പെട്ടു’’ -രാജഭവനിൽനിന്ന് പുറത്തുവന്ന സാഹ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ മാർച്ച് എട്ടിന് അധികാരമേൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സാഹ കൂട്ടിച്ചേർത്തു.
പുതിയ മുഖ്യമന്ത്രിയെ നിയമസഭ കക്ഷിയോഗം തീരുമാനിക്കുമെന്നും യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും ബി.ജെ.പി വക്താവ് സുബ്രത ചക്രബർത്തി പറഞ്ഞു. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രതിമ ഭൗമികിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. പ്രതിമ നിലവിൽ കേന്ദ്ര സഹമന്ത്രിയാണ്. ധൻപുർ മണ്ഡലത്തിൽ മത്സരിച്ച ഇവർ സി.പി.എമ്മിന്റെ കൗശിക് ചന്ദയെ 3500 വോട്ടിനാണ് പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ മണിക് സാഹയെയാണ് ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത്.
ത്രിപുരയിൽ കരുത്ത് തെളിയിച്ച് ടിപ്ര മോത; 19 ശതമാനം വോട്ട് വിഹിതം
അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമായി മാറുകയാണ് ഗോത്രവർഗ പാർട്ടിയായ ടിപ്ര മോത. പ്രമുഖ പാർട്ടികളുടെ പിന്തുണയോ സഖ്യങ്ങളുടെ പിൻബലമോ ഇല്ലാതെ കന്നി മത്സരത്തിൽതന്നെ 60ൽ 13 സീറ്റുകളാണ് ഇവർ നേടിയത്. 42 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് 19 ശതമാനമാണ് വോട്ട് വിഹിതം.
രണ്ടു വർഷത്തെ പാരമ്പര്യം മാത്രമാണ് ഈ ചെറു പാർട്ടിക്ക് അവകാശപ്പെടാനുള്ളതെങ്കിലും ഗോത്രവർഗ മേഖലയിൽ ആഴത്തിലുള്ള സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ അവർക്ക് കഴിഞ്ഞു. ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനാണ് ടിപ്ര മോതയുടെ നേതാവ് പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമ. എ.ഐ.സി.സി അംഗവും ത്രിപുര പ്രദേശ് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം രാജിവെച്ചാണ് 2021ൽ ടിപ്ര ഇൻഡിജനസ് പ്രോഗ്രസിവ് റീജനൽ അലയൻസ് (ടിപ്ര മോത) രൂപവത്കരിച്ചത്.
60 നിയമസഭ സീറ്റുകളിൽ 20 എണ്ണത്തിലും ആധിപത്യം പുലർത്തുന്ന ഗോത്രവർഗക്കാരുടെ മേൽനോട്ടമിടാനും വിശാല ടിപ്ര ഭൂമിക്കും വേണ്ടിയായിരുന്നു പാർട്ടി രൂപവത്കരണം. കോൺഗ്രസിൽനിന്ന് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന തിരിച്ചറിവിലാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്.
ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച കിഷോർ മാണക്യ ദേബ് ബർമക്ക് കൃത്യമായി ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിന് പിന്തുണ നൽകി ഭരണത്തിൽ നിർണായക സ്വാധീനമാവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2021ൽ ഗോത്ര വർഗങ്ങൾക്ക് സ്വയംഭരണ അധികാരമുള്ള ജില്ലാ കൗൺസിൽ (ടി.ടി.എ.എ.ഡി.സി) തെരഞ്ഞെടുപ്പിലൂടെയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവേശനം. 28ൽ 18 സീറ്റുകളിൽ വിജയം നേടാനായി. അതേസമയം, അടുത്ത അഞ്ചു വർഷം സ്വന്തം എം.എൽ.എമാരെ പാർട്ടിക്കൊപ്പം നിലനിർത്തുകയെന്നത് ടിപ്ര മോതയുടെ നേതാക്കളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും അതുകൊണ്ടുതന്നെ പാർട്ടിക്ക് ശോഭനമായ ഭാവി കാണുന്നില്ലെന്നുമാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സഞ്ജീബ് ദേബ് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.