മണിപ്പൂരിൽ നാഗ വിഭാഗങ്ങൾ ഏറ്റുമുട്ടി; വെടിവെപ്പിൽ പൊലീസുകാരൻ ഉൾപ്പെടെ മൂന്നു മരണം
text_fieldsഇംഫാൽ: മണിപ്പൂരിൽ ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായുള്ള ജോലിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ‘മണിപ്പൂർ റൈഫിൾസ്’ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഉഖ്രുൽ നഗരത്തിലാണ് നാഗ വിഭാഗത്തിൽപെട്ട രണ്ടു ഗ്രാമത്തിലുള്ളവർ ഏറ്റുമുട്ടിയത്. ഇരുവരും അവകാശമുന്നയിക്കുന്ന സ്ഥലത്തായിരുന്നു ‘സ്വഛത അഭിയാ’ന്റെ ഭാഗമായുള്ള ശുചീകരണം. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂർ റൈഫിൾസിലെ വൊറിൻമി തുംറ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ ഇംഫാൽ ആശുപത്രിയിലേക്ക് മാറ്റി. സമാധാന ആഹ്വാനവുമായി ‘ടങ്ഖുൽ നാഗ’ സാമാജികർ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അവർ അഭ്യർഥിച്ചു.
അതിനിടെ, രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിഷേധിച്ച് മെയ്തേയികളുടെ സംയുക്ത കർമ സമിതി (ജെ.എ.സി) മണിപ്പൂരിലെ ഇംഫാൽ താഴ്വര ജില്ലകളിൽ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്ണുപുർ, കക്ചിങ്, തൗബൽ ജില്ലകളിൽ പ്രക്ഷോഭകർ കമ്പോളങ്ങൾ ഉപരോധിച്ചു.
തൗബലിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനക്കൂട്ടം ദേശീയപാതയിൽ കുത്തിയിരുന്നു. റോഡിൽ ടയറുകളും കത്തിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറെയ്, ലാംലോങ് മേഖലകളിൽ ബന്ദ് ശക്തമായിരുന്നു. യുവാക്കളെ വിട്ടയക്കുംവരെ സമരം തുടരുമെന്ന് ജെ.എ.സി കൺവീനർ എൽ.സുബോൽ പറഞ്ഞു.
തൗബലിൽ നിന്നുള്ള മൂന്നു യുവാക്കളെ കാങ്പോക്പിയിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒരാളെ പിന്നീട് മോചിപ്പിച്ചു. റിക്രൂട്ട്മെന്റ് ടെസ്റ്റിൽ പങ്കെടുക്കാൻ പോയ യുവാക്കൾ വഴിതെറ്റി കുക്കി അധീനതയിലുള്ള മേഖലയിലെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ സമ്പൂർണ തകർച്ചയാണ് പ്രകടമാക്കുന്നതെന്ന് മണിപ്പൂർ കോൺഗ്രസ് ആരോപിച്ചു. സംസ്ഥാന-കേന്ദ്ര സേനകളുടെ സഹായത്തോടെ യുവാക്കളെ രക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.മേഘചന്ദ്ര പറഞ്ഞു. മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനോടും നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാറിന് യുവാക്കളെ രക്ഷപ്പെടുത്താനാകാത്തതെന്ന് മനസ്സിലാകുന്നില്ല. ഒന്നര വർഷമായി സംസ്ഥാനത്ത് കലാപമാണ്. ഇപ്പോഴും കാര്യങ്ങൾ പഴയപടിയാകുന്ന ലക്ഷണമില്ല. ഭരണവ്യവസ്ഥ സമ്പൂർണ പരാജയമാണ് -കോൺഗ്രസ് ആരോപിച്ചു.
തീവ്രവാദി വെടിയേറ്റു മരിച്ചു
ഇംഫാൽ: ചുരാചന്ദ്പുർ ജില്ലയിലെ ലെയ്ഷാങ് ഗ്രാമത്തിൽ നിരോധിത സംഘടനയുടെ സ്വയംപ്രഖ്യാപിത കമാൻഡർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കുക്കി നാഷനൽ ആർമി നേതാവ് സെയ്ഖോഹാവോ ഹാവോകിപ് ആണ് മരിച്ചത്. മൃതദേഹം ചുരാചന്ദ്പുർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.