മണിപ്പൂർ സർവകക്ഷി യോഗം നാളെ; സർക്കാറിനെ പ്രഹരിക്കാൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ വിളിച്ച സർവകക്ഷി യോഗം ശനിയാഴ്ച. മണിപ്പൂരിലെ കനത്ത ഭരണ പരാജയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനും വിശദീകരണം ചോദിക്കാനുറച്ച പ്രതിപക്ഷ പാർട്ടികൾ പട്ന യോഗത്തിൽ സ്വീകരിക്കുന്ന പൊതു നിലപാടുമായാണ് സർവകക്ഷി യോഗത്തിന് എത്തുകയെന്നിരിക്കേ, സർക്കാർ വിഷമവൃത്തത്തിൽ.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന വിധം സർവകക്ഷി യോഗം വിളിക്കാത്തത് കോൺഗ്രസ് അടക്കം വിവിധ പാർട്ടികൾ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. മണിപ്പൂരിൽ നിന്നുള്ള ബന്ധപ്പെട്ട കക്ഷികളെ പങ്കാളികളാക്കാതെ ഡൽഹിയിൽ ഇത്തരമൊരു യോഗം വിളിക്കുന്നതിന്റെ അർഥശൂന്യതയും ചർച്ചയായി.
അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രി തിരിച്ചു വരുന്നതിനു തലേന്നാണ് സർവകക്ഷി യോഗം. രണ്ടു മാസമായി നീളുന്ന മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ കനത്ത നിശ്ശബ്ദത ചോദ്യം ചെയ്യപ്പെടുന്നതിനിടയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഉറപ്പുവരുത്തും വിധമൊരു യോഗം വിളിച്ചത് മനഃപൂർവമാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു.
ഭരണവീഴ്ചക്ക് ഉത്തരവാദിത്തം ഏൽക്കാനോ മറുപടി പറയാനോ തയാറാകാതെ മോദി നടത്തുന്ന ഭയന്നോട്ടമാണ് മണിപ്പൂർ വിഷയത്തിൽ വീണ്ടും പ്രകടമാവുന്നതെന്നും അവർ ആരോപിച്ചു. രണ്ടു മാസമായി മണിപ്പൂരിൽ ജനം പരസ്പരം ഏറ്റുമുട്ടുമ്പോൾ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു വാക്കുപോലും ഉണ്ടാകാത്തത് ആശ്ചര്യകരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മണിപ്പൂരിൽ നിന്നുള്ള പ്രതിനിധി സംഘം 10 ദിവസം ഡൽഹിയിൽ തങ്ങി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിട്ട് നടന്നില്ല. 10 പ്രതിപക്ഷ പാർട്ടികൾ നിവേദനം നൽകാൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ച അനുവദിച്ചില്ല. ആഭ്യന്തര മന്ത്രി വിളിച്ച സർവകക്ഷി യോഗം അപര്യാപ്തമാണ്; വളരെ വൈകിപ്പോയി. കേന്ദ്രസർക്കാറിന്റെ ഗൗരവപൂർണമായ ഇടപെടലാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
മണിപ്പൂരിന്റെ സമാധാനത്തിനുള്ള ശ്രമങ്ങൾ അവിടെയാണ് നടക്കേണ്ടത്. പോരടിക്കുന്ന വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്താനും രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനും കഴിയണം. ഡൽഹിയിലിരുന്ന് നടത്തുന്ന ചർച്ചക്ക് അതിന്റെ ഗൗരവമില്ല. സോണിയ ഗാന്ധി മണിപ്പൂർ ജനതയോട് സമാധാനത്തിന് അഭ്യർഥിച്ചപ്പോൾ മാത്രമാണ് സർക്കാർ ഉണർന്ന് സർവകക്ഷി യോഗം വിളിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.