Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടിയുടെയും മൃതദേഹത്തിൽ വെടിയുണ്ടയുടെ മുറിവുകൾ

text_fields
bookmark_border
മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെയും കുട്ടിയുടെയും മൃതദേഹത്തിൽ വെടിയുണ്ടയുടെ മുറിവുകൾ
cancel

ഇംഫാൽ: മണിപ്പൂരിലെ മെയ്തേയ് ദുരിതാശ്വാസ ക്യാമ്പിൽനിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറു പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ വെടിയേറ്റതി​ന്‍റെ മുറിവുകൾ. 60 കാരിയായ യുറെംബം റാണി ദേവി, 25 കാരിയായ മകൾ ലൈഷ്‌റാം ഹെയ്‌തോംബി ദേവി, മൂന്ന് വയസുള്ള ചെറുമകൻ ലൈഷ്‌റാം ചിങ്കീംഗൻബ സിങ് എന്നിവരുടേതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

റാണി ദേവിയുടെ ശരീരത്തിൽ തലയോട്ടി, തുട, വയറ്, കൈ, നെഞ്ച് എന്നിവിടങ്ങളിൽ അഞ്ച് വെടിയേറ്റ മുറിവുകളുണ്ട്. മകൾ ഹെയ്‌തോംബിയിയുടെ നെഞ്ചിൽ രണ്ടെണ്ണവും കുട്ടിയുടെ മുഖത്ത് ഒരെണ്ണവുമാണ് വെടി​യുണ്ടയുടെ മുറിവ്. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളുടെ പാടുകളുമുണ്ട്. എന്നാൽ, മരണകാരണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഗുവാഹത്തിയിലെ കാഹിലിപ്പാറയിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിൽ നിന്ന് ആന്തരാവയവങ്ങളുടെ രാസ വിശകലന റിപ്പോർട്ട് ലഭിച്ചാലുടൻ ഇത് പുറത്തുവരും.

നവംബർ 17, 19 ദിവസങ്ങളിൽ കാച്ചാറിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. റാണിയുടെയും കൊച്ചുമക​ന്‍റെയും മരണ സമയം മൃതദേഹം കണ്ടെത്തിയതി​ന്‍റെ മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണെന്നും ഹെയ്‌തോംബിയുടേത് ഏഴു ദിവസമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അധികൃതർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

അസമിലെ കച്ചാർ ജില്ലയിലെ ബരാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവർ താമസിച്ചിരുന്ന മണിപ്പൂരിലെ ജിരിബാം ജില്ലയുടെ അതിർത്തി പങ്കിടുന്ന ഭാഗമാണിത്. ടെലിം ദേവി (31), മകൾ ടെലിം തജ്മാൻബി ദേവി (8), ഹെയ്‌തോംബിയുടെ എട്ടു മാസം പ്രായമുള്ള മകൻ ലൈഷ്റാം ലങ്കംബ സിംഗ് എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ. റാണി ദേവിയുടെ മൂത്ത മകളാണ് ടെലിം ദേവി. നവംബർ 22ന് ജിരിബാമിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷക്കിടയിലായിരുന്നു ഇവരുടെ സംസ്കാരം.

ആറുപേരും ജില്ലയിലെ ബോറോബെക്ര പൊലീസ് സ്‌റ്റേഷനിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളായിരുന്നു. നവംബർ 11ന് ഒരു സംഘം സായുധരായ തീവ്രവാദികൾ പൊലീസ് സ്റ്റേഷനും സമീപത്തുള്ള സി.ആർ.പി.എഫ് പോസ്റ്റും ആക്രമിച്ച അതേ സമയത്താണ് ഇവരെ കാണാതായത്. പ്രതികാര വെടിവെപ്പിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട 10 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇംഫാൽ താഴ്‌വരയിൽ വ്യാപകമായ പ്രതിഷേധത്തിലേക്ക് നയിച്ചു. ഇത് സ്കൂളുകളും കോളജുകളും അടച്ചുപൂട്ടുന്നതിനും ഇന്‍റർനെറ്റ് താൽക്കാലികമായി നിർത്തിവെക്കുന്നതിനും കർഫ്യൂ ഏർപ്പെടുത്തുന്നതിനും നവംബർ 16 ന് 13 നിയമസഭാംഗങ്ങളുടെ വീടുകൾക്ക് നേരെ ആക്രമണത്തിനും കാരണമായി.

മണിപ്പൂർ ആസ്ഥാനമായുള്ള ഏഴു സംഘടനകൾ 10 പേജുള്ള നിവേദനം പകർപ്പുകൾ സഹിതം യു.എൻ സെക്രട്ടറി ജനറലിനും അന്താരാഷ്ട്ര മനുഷ്യാവകാശ സ്ഥാപനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമർപിച്ചു. ‘ഒരു വിഭാഗീയ വംശീയ അജണ്ട പിന്തുടരുന്നതിനായി കുക്കി തീവ്രവാദികൾ കാണിക്കുന്ന ഒറ്റപ്പെട്ട ക്രൂരതയായി ഈ കൊലപാതകങ്ങളെ കാണാൻ കഴിയില്ല. പകരം 2005 മുതൽ ഇന്ത്യാ ഗവൺമെന്‍റുമായുള്ള ‘സസ്പെൻഷൻ ഓഫ് ഓപറേഷൻസ്’ ഉടമ്പടിയുടെ മറവിൽ ശിക്ഷാരഹിതമായി പ്രവർത്തിക്കുന്ന കുക്കി-സോ സായുധ സായുധസേന അഴിച്ചുവിട്ട വിപുലമായ ഭീകരഭരണത്തി​ന്‍റെ ഭാഗമായി ഇത് അംഗീകരിക്കപ്പെടണം’ - എന്ന് സംഘടനകൾ പ്രസ്താവന പുറത്തിറക്കി.

യെൽഹൗമി ഫുറൂപ്പ്, തരാഗി ചീഷു, സോളിഡാരിറ്റി ഓഫർ യുണൈറ്റഡ് ഫോർ എ ലസ്ട്രേറ്റഡ് സൊസൈറ്റി, യൂത്ത് കലക്ടിവ് മണിപ്പൂർ, നൂപി യൂനിയൻ ഫോർ പീസ് ആൻഡ് ഇന്‍റഗ്രിറ്റി, മണിപ്പൂർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ഡൽഹി, മണിപ്പൂർ ഇന്‍റർനാഷണൽ യൂത്ത് സെന്‍റർ എന്നിവയാണ് ഏഴ് സംഘടനകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurAutopsy ReportManipur Unrestbullet wounds
News Summary - Manipur: Autopsy reveals bullet wounds on bodies of Meitei relief camp inmates
Next Story