Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ ആക്രമിക്കപ്പെട്ട കുക്കി ബി.ജെ.പി എം.എൽ.എയുടെ ഒരുവശം തളർന്നു; ‘ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു, ചികിത്സക്ക് ഒരു കോടി ചെലവായി, ആരും സഹായിക്കാനില്ല’

text_fields
bookmark_border
Vungzagin Valte, a BJP MLA
cancel
camera_alt

വുങ്‌സാഗിൻ വാൾട്ടെ എം.എൽ.എ പഴയ ചിത്രം. ഭാര്യ മൊയ്‌നു വാൾട്ടെ, മകൻ ജോസഫ് വാൾട്ടെ എന്നിവർക്കൊപ്പം വുങ്‌സാഗിൻ വാൾട്ടെ ആശുപത്രിക്കിടക്കയിൽ (ചിത്രം: indiatoday.in)

ന്യൂഡൽഹി: മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ട മേയ് നാലിന് ഇംഫാലിൽ മെയ്തേയി വിഭാഗം വാഹനം തടഞ്ഞ് ആക്രമിച്ച കുക്കി വംശജനായ ബി.ജെ.പി എം.എൽ.എയുടെ ശരീരത്തിന്റെ ഒരുവശം തളർന്നു. വുങ്‌സാഗിൻ വാൾട്ടെ എം.എൽ.എയാണ് ക്രൂരമർദനത്തിന്റെ ബാക്കിപത്രമായി ഡൽഹി കൽക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ വാടക അപ്പാർട്ട്‌മെന്റിൽ കഴിയുന്നത്. 30,000 രൂപ മാസവാടക കൊടുക്കാൻ പോലും തങ്ങൾ കഷ്ടപ്പെടുകയാണെന്നും ആരുംസഹായിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ മകൻ ജോസഫ് വാൾട്ടെ പറഞ്ഞു. ചികിത്സക്ക് ഒരുകോടിയിലേറെ ഇതിനകം ചെലവായി.

ആക്രമിക്ക​പ്പെട്ടതിന്റെ പിറ്റേന്ന് തന്നെ വുങ്‌സാഗിൻ വാൽട്ടെയെ വിമാനമാർഗം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന ചികിത്സക്ക് ശേഷം രണ്ടാഴ്ച മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴും കിടക്കയിൽനിന്ന് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലുമാകില്ല. സംസാരിക്കാനും കഴിയുന്നില്ല. കുളി, ഭക്ഷണം കഴിക്കൽ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കൽ എന്നിവക്കെല്ലാം ഭാര്യ മൊയ്‌നു വാൾട്ടെയോ മകൻ ജോസഫ് വാൾട്ടെയോ സഹായിക്കണം.

മുഖത്തിന്റെ പകുതി ചതഞ്ഞു, ഇടത് കണ്ണിന് കേടുപാട്, തലയോട്ടിയും തകർന്നു

മുൻ ഗോത്രവകുപ്പ് മന്ത്രി കൂടിയാണ് ഫെർസാൾ ജില്ലയിലെ തൻലോണിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ വുങ്‌സാഗിൻ വാൾട്ടെ. മേയ് നാലിന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വിളിച്ച യോഗത്തിൽ പ​ങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയാണ് മെയ്തേയ് വിഭാഗം അദ്ദേഹത്തിന്റെ കാർ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വാൾട്ടെയു​ടെ മുഖത്തിന്റെ പകുതി ചതഞ്ഞിരുന്നു. ഇടത് കണ്ണിന് കേടുപാടുകൾ സംഭവിച്ചു. ആഴ്ചകളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞ അദ്ദേഹത്തിന് ഫീഡിങ് ട്യൂബിലൂടെ കുഴമ്പുരൂപത്തിലുള്ള ഭക്ഷണമാണ് നൽകിയിരുന്നത്. ഇപ്പോൾ ഫീഡിങ് ട്യൂബും മറ്റും നീക്കം ചെയ്‌തെങ്കിലും ഇടതുവശം തളർന്ന നിലയിലാണ്.

മുഖത്തിന്റെയും തലയോട്ടിയുടെയും ഇടതുഭാഗം തിരിച്ചറിയാനാകാത്ത വിധത്തിൽ തകർന്നിരുന്നതായും മകൻ ജോസഫ് പറയുന്നു. മണിക്കൂറുകളോളം കട്ടിലിൽ ഒരേ കിടപ്പ് കിടക്കുന്ന വാൾട്ടെ, ഇടക്ക് ഒന്ന് എഴുന്നേൽക്കാനും മറുവശത്തേക്ക് തിരിഞ്ഞ് കിടക്കാനും മകനോട് ആംഗ്യഭാഷയിൽ സഹായം തേടുകയാണ് ചെയ്യുന്നത്.

“പിതാവിന് സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. ആശുപത്രിയിൽ മൂന്ന് മാസത്തോളം കിടന്നു. മുഖത്തിന്റെ രൂപം ശരിയാക്കാൻ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. ടൈറ്റാനിയം പ്ലേറ്റ് വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. തലയോട്ടിക്ക് ക്ഷതമേറ്റതിനാൽ ശരീരത്തിന്റെ ഇടതുഭാഗം തളർന്നിരിക്കുകയാണ്. 24 മണിക്കൂറും ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണം. ദിവസം അര ഡസനിലധികം മരുന്നുകൾ കഴിക്കണം. ഈ അവസ്ഥയിൽ അച്ഛനെ കാണുന്നത് വേദനാജനകമാണ്” -ജോസഫ് പറഞ്ഞു.

‘ആശുപത്രി ബില്ല് ഒരുകോടി കവിഞ്ഞു; മുഖ്യമന്ത്രി ബിരേൻ സിങ് ഫോൺ​വിളിക്കുന്നത് പോലുമില്ല’

വുങ്‌സാഗിൻ വാൽട്ടെയുടെ ആശുപത്രി ബില്ല് ഒരു കോടി കവിഞ്ഞതായി വാൾട്ടെയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഡിസ്ചാർജ് ചെയ്ത ശേഷം സംസ്ഥാന, കേന്ദ്ര സർക്കാർ പ്രതിനിധികളാരും വാൾട്ടെയെ സന്ദർശിച്ചിട്ടില്ല. ഭർത്താവിന്റെ പാർട്ടിക്കാരായ മണിപ്പൂരിലെ ബി.ജെ.പി സർക്കാർ തങ്ങ​െള വഞ്ചിച്ചതായി എം.എൽ.എയുടെ കുടുംബം പറയുന്നു. “സംസ്ഥാന സർക്കാരിൽനിന്ന് സാമ്പത്തികമായോ അല്ലാതെയോ ഒരു സഹായവും ഉണ്ടായിട്ടില്ല. മേയ് അഞ്ചിന് എന്റെ ഭർത്താവ് ഐ.സി.യുവിൽ ആയിരിക്കുമ്പോൾ ഒരിക്കൽ മാത്രമാണ് മുഖ്യമന്ത്രി ബിരേൻ സിങ് വിളിച്ചത്. വിഷമിക്കേണ്ടെന്നും ഭർത്താവിന് സുഖമാകുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതിന് ശേഷം ഫോണിൽ പോലും ബിരേൻ സിങ് വിളിച്ചിട്ടില്ല’ -ഭാര്യ മൊയ്‌നു മൊയ്‌നു വാൾട്ടെ ‘ദി പ്രിന്റി’നോട് പറഞ്ഞു.

30,000 രൂപ മാസ വാടകയ്‌ക്ക് കൽക്കാജി എക്സ്റ്റൻഷനിലെ ഇടുങ്ങിയ അപ്പാർട്ട്‌മെന്റിലാണ് വുങ്‌സാഗിൻ വാൽട്ടെയും കുടുംബവും ഇപ്പോൾ കഴിയുന്ന്. ബി.ജെ.പിക്കാരോ മണിപ്പൂർ സർക്കാർ പ്രതിനിധികളോ വാൾട്ടെയെ ആശുപത്രിയിൽ സന്ദർശിച്ചിട്ടില്ലെന്ന വാർത്ത പുറത്തുവന്ന ശേഷമാണ് മണിപ്പൂർ വിദ്യാഭ്യാസ മന്ത്രി ടി ബസന്തകുമാർ സിങ്ങും സംസ്ഥാന ബി.ജെ.പി അധ്യക്ഷ ശാരദാദേവിയും അദ്ദേഹത്തെ കാണാൻ വന്നതെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് ഏതാനും കുക്കി എം.എൽ.എമാരും ഒരു കേന്ദ്രമന്ത്രിയും ചില ബിജെപി നേതാക്കളും ആശുപത്രിയിൽ വന്നിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല.

‘മണിപ്പൂരിലേക്ക് മടങ്ങുന്നത് ഇനി സുരക്ഷിതമല്ല. നമ്മൾ എവിടെ പോകും? നിലവിലുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ഇംഫാലിലേക്ക് മടങ്ങാൻ കഴിയില്ല’ -ഭാര്യ മൊയ്‌നു വാൾട്ടെ പറഞ്ഞു. കാര്യങ്ങൾ ഇത്ര പെട്ടെന്ന് വഷളാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മണിപ്പൂരിൽ ഭരണവിഭജനം ഉണ്ടാകുന്നത് വരെ അങ്ങോട്ട് പോകാനാവില്ല - ഇവർ പറയുന്നു.

’ഒറ്റരാത്രികൊണ്ട് ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞു’

അച്ഛൻ ആക്രമിക്കപ്പെട്ട ദിവസം ഒറ്റരാത്രികൊണ്ട് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതായി ഉടുതുണിയുമായി ഇംഫാലിലെ വീടുവിട്ടിറങ്ങേണ്ടി വന്ന ജോസഫ് പറയുന്നു. “എന്റെ അമ്മാവന്റെ വീട് കൊള്ളയടിക്കപ്പെട്ടു… ഞങ്ങൾ ഒരു പേടിസ്വപ്നം ​പോലെയാണ് ജീവിക്കുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി ഓരോ മാസവും ലക്ഷത്തിലേറെ രൂപ വേണം. അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രതീക്ഷ. എന്നാൽ അതിന് സമയമെടുക്കും’ -ജോസഫ് ദി പ്രിന്റിനോട് പറഞ്ഞു. ജോസഫിന്റെമൂന്ന് മക്കളെയും ഡൽഹിയിലെ സ്‌കൂളിലേക്ക് മാറ്റിച്ചേർത്തിരിക്കുകയാ​ണ്.

“ഞങ്ങൾ എല്ലാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കുകയാണ്. എന്റെ ഭർത്താവിനൊപ്പം മണിപ്പൂരിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നാളുകളിൽ ഞാൻ സ്വപ്നം കാണുന്നത് അതുമാത്രമാണ്. പൊതുപ്രവർത്തനരംഗത്തിൽ സജീവമായിരുന്ന അദ്ദേഹം 27 വർഷമായി ഒരു ദിവസം പോലും അവധി എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ മൂന്നുമാസമായി കിടന്ന കിടപ്പിൽ തന്നെയാണ്’ -മൊയ്‌നു പറയുന്നു

80 ദിവസം പിന്നിട്ട മണിപ്പൂരിലെ വംശീയ സംഘട്ടനത്തിൽ ഇതുവരെ 150 പേരെങ്കിലും കൊല്ലപ്പെട്ടു. 40,000ത്തിലേറെ പേർ പലായനം ചെയ്തു. സുരക്ഷാ സേനയും വിവധ സംഘടനകളും നടത്തുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് ആളുകൾ കഴിയുന്നത്. ഇരുവിഭാഗത്തിലുംപെട്ട നിരവധി പേരുടെ സ്വത്തുവകകളാണ് നശിപ്പിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurBJPVungzagin Valte
News Summary - Manipur BJP MLA attacked by mob lies paralysed, family grapples with bills. ‘No help from anyone’
Next Story