മണിപ്പൂരിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽനിന്ന് 12 ബി.ജെ.പി എം.എൽ.എമാർ വിട്ടുനിന്നു
text_fieldsഇംഫാൽ: പാർട്ടിക്കുള്ളിലെ സംഘർഷാവസ്ഥയെ പ്രതിഫലിപ്പിച്ച് സംസ്ഥാനത്തെ ക്രമസമാധാനനില വിലയിരുത്താൻ തിങ്കളാഴ്ച രാത്രി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വിളിച്ചുചേർത്ത എൻ.ഡി.എ എം.എൽ.എമാരുടെ യോഗത്തിൽനിന്ന് 12 ബി.ജെ.പി എം.എൽ.എമാർ വിട്ടുനിന്നു. യോഗത്തിൽ 27 എം.എൽ.എമാർ പങ്കെടുത്തു. ഏഴ് എം.എൽ.എമാർ വ്യക്തിപരമോ ആരോഗ്യപരമോ ആയ കാരണങ്ങളാൽ യോഗം ഒഴിവാക്കി. 12 പേർ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ വിട്ടുനിന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
‘മൊത്തം 12 ബി.ജെ.പി എം.എൽ.എമാർ ഹാജറായില്ല. ബിരേൻ സിങ് സർക്കാരിനെ ഇത് തൽക്കാലം ബാധിക്കില്ല. കാരണം അവർക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ട് -ഒരു ബി.ജെ.പി അംഗം പറഞ്ഞു. വംശീയ സംഘർഷം കൈകാര്യം ചെയ്തതിൽ ചില എം.എൽ.എമാർ അതൃപ്തരാണെന്ന് സൂചനയുണ്ട്. നിലവിലെ നേതൃത്വത്തിന് ഇത് അവഗണിക്കാനാവില്ല. സമീപകാല സംഭവവികാസങ്ങളിൽ കടുത്ത അമർഷവും സങ്കടവും ഉള്ളതിനാൽ സംസ്ഥാന ഘടകത്തിൽ ഒരു ചേരിതിരിവ് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 എം.എൽ.എമാരുണ്ട്. കൂടാതെ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എം.എൽ.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയും ബി.ജെ.പിക്കുണ്ട്. കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാരും കുക്കി പീപ്പിൾസ് അലയൻസിന്റെ രണ്ട് പേരും ജെ.ഡി.യുവിന്റെ ഒരാളും പ്രതിപക്ഷത്തുണ്ട്. മണിപ്പൂരിൽ പാർട്ടിക്കുള്ള പിന്തുണ പിൻവലിച്ച ബി.ജെ.പി സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാല് എം.എൽ.എമാർ തിങ്കളാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തു.
കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ബി.ജെ.പി എം.എൽ.എമാർ ഹാജറാകാത്തത് ‘എക്‌സി’ലെ പോസ്റ്റിൽ കുറിച്ചത്. ‘മണിപ്പൂർ നിയമസഭയിൽ 60 എം.എൽ.എമാരാണുള്ളത്. ഇന്നലെ രാത്രി മണിപ്പൂർ മുഖ്യമന്ത്രി ഇംഫാലിൽ എൻ.ഡി.എയിലെ എല്ലാ എം.എൽ.എമാരുടെയും യോഗം വിളിച്ചിരുന്നു. അദ്ദേഹത്തെ കൂടാതെ 26 പേർ മാത്രമാണ് ഹാജറായത്. ഈ 26 പേരിൽ 4 പേരും എൻ.പി.പിയിൽ പെട്ടവരാണ്. അവരുടെ ദേശീയ അധ്യക്ഷൻ നിലവിലെ മുഖ്യമന്ത്രിക്കുള്ള പിന്തുണ പിൻവലിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന് കത്തെഴുതിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
‘ചുവരിലെ എഴുത്ത് വ്യക്തമാണ്. എന്നാൽ മണിപ്പൂരിലെ മഹത്തായ സൂത്രധാരൻമാരായ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും സംസ്ഥാനത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഉപേക്ഷിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ വേദന എത്രനാൾ ഇങ്ങനെ തുടരുമെന്നും രമേശ് കൂട്ടിച്ചേർത്തു. സന്നിഹിതരെന്ന് പറയപ്പെടുന്ന 3 എം.എൽ.എമാരുടെ ഒപ്പ് വ്യാജമാണെന്ന് തങ്ങൾ കരുതുന്നുവെന്നും രമേശ് അവകാശപ്പെട്ടു. അതിനാൽ, മുഖ്യമന്ത്രിയുൾപ്പെടെ എൻ.ഡി.എയുടെ 24 എം.എൽ.എമാർ മാത്രമാണ് ഹാജറായത്.
കോൺഗ്രസിന്റെ അവകാശവാദങ്ങളോട് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒപ്പ് പ്രശ്‌നത്തിൽ ഒരു എൻ.പി.പിയും ഒരു സ്വതന്ത്ര എം.എൽ.എയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു സ്രോതസ്സ് പറഞ്ഞു. എന്നാൽ അക്കാര്യം വിശദമാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.