മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് രാജിവെച്ചു
text_fieldsഎൻ. ബിരേൻ സിങ്
ന്യൂഡൽഹി: പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കേ ബി.ജെ.പി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപം തുടങ്ങി 649 ദിവസത്തിന് ശേഷമാണ് രാജി.
ബി.ജെ.പിയിൽ മണിപ്പൂരിന്റെ ചുമതലയുള്ള സംബീത് പത്ര, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് എ. ശാർദ ദേവി, ബി.ജെ.പിയുടെയും എൻ.പി.എഫിന്റെയും 14 എം.എൽ.എമാർ എന്നിവർക്കൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ച ഗവർണർ. പകരം സംവിധാനമാകുന്നതുവരെ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച വൈകീട്ട് തിരക്കിട്ട രാജി. ബി.ജെ.പിയിൽ ബിരേൻ സിങ്ങിനെതിരെ എതിർപ്പ് ശക്തമാകുകയും എം.എൽ.എമാർക്കിടയിൽ ഭിന്നത രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പാസാകുമെന്ന ഘട്ടത്തിലാണ് മുകളിൽനിന്നുള്ള നിർദേശ പ്രകാരമുള്ള രാജി. മഹാകുംഭമേളയിൽ സ്നാനം ചെയ്ത് കഴിഞ്ഞ ദിവസം മണിപ്പൂരിൽ മടങ്ങിയെത്തിയ ബിരേൻ അവിശ്വാസപ്രമേയത്തെ ഭയന്നാണ് ഞായറാഴ്ച വീണ്ടും ഡൽഹിയിലെത്തിയത്.
തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ കണ്ടു. ഇംഫാലിൽ മടങ്ങിയെത്തി തിരക്കിട്ട് രാജിവെക്കുകയായിരുന്നു. കലാപത്തിലേർപ്പെട്ട കുക്കി- മെയ്തേയി വിഭാഗങ്ങൾ ഒരു പോലെ രാജി ആവശ്യപ്പെട്ടിട്ടും ബിരേൻ സിങ് തയാറായിരുന്നില്ല.
2023 മേയിൽ തുടങ്ങിയ കലാപത്തിന് ശമനം വരുത്താൻ കഴിയാത്ത മുഖ്യമന്ത്രി, കുക്കികൾക്കെതിരെ മെയ്തേയികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കുറ്റപ്പെടുത്തി 12 എം.എൽ.എമാർ അദ്ദേഹം മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. വിമത പക്ഷത്തെ മൂന്ന് മുതിർന്ന നേതാക്കളെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചു. വിമതർ ആഭ്യന്തര മന്ത്രിയെ കണ്ട്, ബിരേൻ തുടരുന്നതിൽ അതൃപ്തി അറിയിച്ചു. കോൺറാഡ് സാംഗ്മയുടെ നാഷനൽ പീപിൾസ് പാർട്ടി ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.