വഴിയടഞ്ഞപ്പോൾ ബിരേൻ സിങ്ങിന്‍റെ രാജി; ഭരണാധികാരിയുടെ പിടിപ്പുകേടിന്റെ ചരിത്രം
text_fieldsഇംഫാൽ: രണ്ടുവർഷത്തോളം നീണ്ട വംശീയ കലാപത്തിന് അറുതിവരുത്താനാകാതെ എൻ. ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനമൊഴിയുമ്പോൾ പ്രതിഫലിക്കുന്നത് ഒരു ഭരണാധികാരിയുടെ പിടിപ്പുകേടിന്റെ ചരിത്രം. മെയ്തേയി, കുക്കി വിഭാഗങ്ങൾ തമ്മിലെ ശത്രുതയും തുടർന്ന് നൂറുകണക്കിനാളുകളുടെ ജീവനെടുത്ത കലാപവും അവസാനിപ്പിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
ഇംഫാൽ താഴ്വരയിൽ താമസിക്കുന്ന മെയ്തേയി വിഭാഗത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ 2023 ഏപ്രിൽ 14ന് മണിപ്പൂർ ഹൈകോടതി സംസ്ഥാന സർക്കാറിന് നൽകിയ നിർദേശമാണ് പ്രധാനമായും കലാപത്തിന് വിത്തുപാകിയത്. ഇതിൽ പ്രതിഷേധിച്ച് മലയോര മേഖലകളിൽ താമസിക്കുന്ന കുക്കി വിഭാഗങ്ങൾ മേയ് മൂന്നിന് സംഘടിപ്പിച്ച സമര പരിപാടികൾ കലാപത്തിലേക്ക് തിരിയുകയായിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ കാരണം ഇരു വിഭാഗങ്ങൾ തമ്മിൽ നേരത്തെതന്നെ നിലനിന്നിരുന്ന ശത്രുത ഇതോടെ ആളിക്കത്തി.
ഇതുവരെ 250ഓളം പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 60,000ഓളം പേർ ഭവനരഹിതരായി. നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും 5000ഓളം വീടുകൾ അഗ്നിക്കിരയാവുകയും ചെയ്തു. ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടെ 386 ആരാധനാലയങ്ങളും തകർക്കപ്പെട്ടു.ഹൈകോടതി നിർദേശം പിന്നീട് പിൻവലിച്ചെങ്കിലും കലാപത്തിന് ശമനമുണ്ടായില്ല.
കുക്കികൾക്ക് ഭൂരിപക്ഷമുള്ള ചുരാചാന്ദ്പൂർ ജില്ലയിലും മെയ്തേയി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്വരയിലും സംഘർഷം രൂക്ഷമായി. കലാപത്തിന് അറുതിവരുത്താൻ കേന്ദ്ര സർക്കാർ ഇടപെടാത്തത് രൂക്ഷ വിമർശനത്തിനിടയാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കാത്തതിനെയും പ്രതിപക്ഷം വിമർശിച്ചു. വിവിധ സമാധാന സമിതികൾക്കും അന്വേഷണ സംഘങ്ങൾക്കും രൂപം നൽകിയെങ്കിലും ഫലമുണ്ടായില്ല. 2023 ജൂണിൽ തന്നെ അന്നത്തെ ഗവർണർ അനുസൂയ്യ ഉയ്കെയിയുടെ നേതൃത്വത്തിൽ സമാധാന കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എന്നാൽ, അധികം മുന്നോട്ടുപോകാൻ കമ്മിറ്റിക്കായില്ല. റോക്കറ്റാക്രമണം ഉൾപ്പെടെ അതിരൂക്ഷമായ തലങ്ങളിലേക്ക് മണിപ്പൂർ കലാപം പോകുന്നതാണ് പിന്നീട് കണ്ടത്. ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും പതിവായി.
കുക്കികൾക്കും മെയ്തേയികൾക്കും ആധിപത്യമുള്ള രണ്ട് മേഖലകളായാണ് സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമായും ക്രിസ്തുമത വിശ്വാസം പിന്തുടരുന്ന കുക്കികൾ മലയോര മേഖലകളിലും ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള മെയ്തേയികൾ താഴ്വരയിലുമാണ് അധിവസിക്കുന്നത്.
ഇരു വിഭാഗങ്ങളും സ്വന്തം പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് സായുധ സംഘങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. കലാപത്തിൽ ഈ സംഘങ്ങളും കാര്യമായ പങ്കുവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടാനും മണിപ്പൂർ കലാപം ഇടയാക്കി. എന്നിട്ടും പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ക്രിയാത്മക നടപടിയൊന്നുമുണ്ടായില്ല.
ഐ.ആർ.ബി ഔട്ട്‌പോസ്റ്റിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചു
ഇംഫാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ഔട്ട്‌പോസ്റ്റിൽനിന്ന് അജ്ഞാതർ ആയുധങ്ങൾ കൊള്ളയടിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി ജില്ലയിലെ കാക്മയൈ മേഖലയിൽ വാഹനങ്ങളിലെത്തിയ ആയുധധാരികൾ ഐ.ആർ.ബി ഔട്ട്‌പോസ്റ്റിൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൊള്ളയടിക്കുകയായിരുന്നു. കൂടുതൽ സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.