മണിപ്പൂരിലേക്ക് 5000 സൈനികർ കൂടി; വീണ്ടും യോഗം വിളിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: സംഘർഷം ആളിക്കത്തുന്ന മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സായുധസേനയെക്കൂടി അയക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഞായറാഴ്ച ഡൽഹിയിൽ ആദ്യയോഗം വിളിച്ച അമിത് ഷാ ആക്രമണം പടരുന്നത് കണ്ടാണ് തിങ്കളാഴ്ച വീണ്ടുമൊരു ഉന്നതതല യോഗംകൂടി വിളിച്ചുചേർത്തത്. അതേസമയം, മണിപ്പൂരിലെ മൂന്ന് ആക്രമണ സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി കേസുകൾ രജിസ്റ്റർ ചെയ്തു.
മണിപ്പൂർ കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബി.ജെ.പിയുടെ ‘ഡബ്ൾ എൻജിൻ സർക്കാറുകൾ’ സമ്പൂർണ പരാജയമായ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ കോൺറാഡ് സാംഗ്മയുടെ എൻ.പി.പി എൻ.ഡി.എ സഖ്യം വിടുകയും നിരവധി ബി.ജെ.പി നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുകയും ചെയ്തതിനിടയിലായിരുന്നു രണ്ടാമത്തെ ഉന്നതതല യോഗം. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അർധ സൈനിക വിഭാഗമായ കേന്ദ്ര സായുധ സേനയുടെ (സി.എ.പി.എഫ്) 5000 സൈനികരെകൂടി മണിപ്പൂരിലേക്ക് അയക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ കേന്ദ്രം അയച്ച 2000 സൈനികർക്ക് പുറമെയാണ് ഇത്.
അമിത് ഷാ രാജിവെക്കണം -കോൺഗ്രസ്
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പുറംകരാർ കൊടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അമിത് ഷായുടെ നടപടികൾകൊണ്ട് മണിപ്പൂരിൽ പ്രശ്നപരിഹാരമാവില്ലെന്ന് വിമർശിച്ച കോൺഗ്രസ് അദ്ദേഹവും മുഖ്യമന്ത്രി ബിരേൻ സിങ്ങും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധമായും അവിടം സന്ദർശിക്കണമെന്നും മണിപ്പൂരിൽനിന്നുള്ള നേതാക്കൾക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ആദ്യം മണിപ്പൂരിൽനിന്നുള്ള സർവകക്ഷി സംഘത്തെ കാണാനും പിന്നീട് സർവകക്ഷി യോഗം വിളിക്കാനും പ്രധാനമന്ത്രി തയാറാകണം.
അമിത് ഷായും ബിരേൻ സിങ്ങും തമ്മിൽ വിചിത്രമായ ജുഗൽബന്ദിയാണെന്നും മുഖ്യമന്ത്രിയുടെ പരാജയം അദ്ദേഹം കാണാത്തത് അതുകൊണ്ടാണെന്നും ജയറാം രമേശ് തുടർന്നു. 2023 മേയ് മൂന്നിന് മണിപ്പൂർ കത്താൻ തുടങ്ങിയിട്ടും വിവിധ രാജ്യങ്ങളിൽ പോയി സുവിശേഷം പറയുന്ന മോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അതിനാൽ, പാർലമെന്റ് സമ്മേളനത്തിനു മുമ്പ് പ്രധാനമന്ത്രി ഇതിന് സമയം കാണണം. 2024 ജൂലൈ 31നു ശേഷം അവിടെ മുഴുസമയ ഗവർണറില്ല. 300 പേർ കൊല്ലപ്പെടുകയും 60,000 പേർ ഭവന രഹിതരാകുകയും ചെയ്ത മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണെന്നും ജയറാം രമേശ് പറഞ്ഞു. മണിപ്പൂർ കോൺഗ്രസ് പ്രസിഡന്റ് കെ. മേഘചന്ദ്ര സിങ്, മണിപ്പൂരിന്റെ ചുമതലയുള്ള ഗിരീഷ് ചോദങ്കർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സ്ഥാപിത താൽപര്യങ്ങളെന്ന് രാഹുൽ ഗാന്ധി
മണിപ്പൂർ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കലാപത്തിന് പിന്നിൽ സ്ഥാപിത താൽപര്യങ്ങളാണെന്ന് ആരോപിച്ചു. മണിപ്പൂരിൽ എന്ത് സംഭവിക്കുന്നുവെന്ന് എല്ലാവർക്കുമറിയാം. താൻ മണിപ്പൂരിൽ പോയെങ്കിലും പ്രധാനമന്ത്രി പോയില്ല. ആക്രമണം അമർച്ച ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെയ്തില്ലെന്നും രാഹുൽ റാഞ്ചിയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.