മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വികാരങ്ങൾക്കൊപ്പം പോകാൻ സാധിക്കില്ലെന്നും നിയമപ്രകാരമാണ് പ്രവർത്തിക്കുകയെന്നും സുപ്രീംകോടതി. മണിപ്പൂർ സംഘർഷത്തിൽ കുടിയൊഴിയേണ്ടി വന്നവരുടെ സ്വത്തുക്കൾ സംരക്ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹരജി സ്വീകരിക്കാൻ വിസമ്മതിച്ചാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
മണിപ്പൂർ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തെന്ന വാദത്തിൽ തൃപ്തിയില്ലെന്നും ഹരജിക്കാർക്ക് നിയമപ്രകാരം പ്രതിവിധി തേടാമെന്നും ബെഞ്ച് പറഞ്ഞു.
മണിപ്പൂരിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടില്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാറും കേന്ദ്രവും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ബോധിപ്പിച്ചു. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാമെന്നും ഐശ്വര്യ ഭാട്ടി പറഞ്ഞു.
കുടിയിറക്കപ്പെട്ടവരുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച ഉത്തരവ് എതിർകക്ഷികൾ അവഗണിച്ചുവെന്ന് ആരോപിച്ചാണ് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.