മണിപ്പൂർ: തൽസ്ഥിതി റിപ്പോർട്ട് തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂർ വംശീയ കലാപം സംബന്ധിച്ച് വിശദമായ തൽസ്ഥിതി റിപ്പോർട്ട് വെള്ളിയാഴ്ചക്കകം സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. വേനൽക്കാല അവധി കഴിഞ്ഞ തിങ്കളാഴ്ച കോടതി തുറന്നതിന് പിന്നാലെയാണ് മണിപ്പൂർ വിഷയം പരിഗണിച്ച് സംസ്ഥാന സർക്കാറിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദ റിപ്പോർട്ട് തേടിയത്.
കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ, ക്രമസമാധാനപാലനം, ആയുധങ്ങൾ പിടിച്ചെടുക്കൽ, പുനരധിവാസം, ക്യാമ്പുകളിലെ വിശദാംശങ്ങൾ, സംസ്ഥാനത്തുനിന്ന് പലായനം ചെയ്തവർ തുടങ്ങി മുഴുവൻ വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാകണം റിപ്പോർട്ടെന്ന് കോടതി നിർദേശിച്ചു. ജൂലൈ 10ന് കോടതി വീണ്ടും വിഷയം പരിഗണിക്കും.
കലാപത്തിൽനിന്ന് കുകി വിഭാഗത്തിന് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടുകയാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 114 കമ്പനി സി.ആർ.പി.എഫും 180 കമ്പനി സേനയും സംസ്ഥാനത്തുണ്ട്. കർഫ്യു 24 മണിക്കൂറുണ്ടായിരുന്നത് അഞ്ചുമണിക്കൂറായി കുറച്ചുവെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. വിഷയം വർഗീയ രീതിയിൽ എടുക്കരുതെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, കുക്കികൾക്കെതിരെ ഭരണകൂടം സ്പോൺസർചെയ്ത കലാപമാണ് നടക്കുന്നതെന്ന് കോളിൻ ഗോൺസാൽവസ് ആവർത്തിച്ചു. ഒരു വാർത്ത പരിപാടിക്കെത്തിയ സായുധ സംഘം തങ്ങൾ കുക്കികളെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ്തേയി വിഭാഗത്തെ പട്ടികവിഭാഗത്തിലുൾപ്പെടുത്തിയ മണിപ്പൂർ ഹൈകോടതി വിധിക്കെതിരെ ഹിൽ ഏരിയാസ് കമ്മിറ്റി സമർപ്പിച്ച ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.