Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനങ്ങൾ തെരഞ്ഞെടുപ്പ്...

ജനങ്ങൾ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നെങ്കിൽ രാജിക്ക് തയാറെന്ന് മണിപ്പൂരിലെ കോൺഗ്രസ് എം.എൽ.എമാർ

text_fields
bookmark_border
O Ibobi Singh
cancel

ഇംഫാൽ: മണിപ്പൂരിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നെങ്കിൽ പാർട്ടി എം.എൽ.എമാർ രാജിക്ക് തയാറാണെന്ന് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവുമായ ഒ ഇബോബി സിങ്ങാണ് നിലപാട് വ്യക്തമാക്കിയത്.

അടിയന്തര പരിഹാരം തേടി മുഴുവൻ എം.എൽ.എമാരെയും കൂട്ടി പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണെന്ന് ഒ ഇബോബി സിങ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ നിയമസഭയിൽ അംഗമാകുന്നതിൽ അർഥമില്ല. ഭരണകക്ഷിയായ എം.എൽ.എമാർക്കൊപ്പം രാജിവെക്കാൻ തങ്ങൾ തയാറാണെന്നും ഇബോബി സിങ് പറഞ്ഞു.

മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ ജനങ്ങൾക്ക് പുതിയ ജനവിധി കൊണ്ടുവരണമെങ്കിൽ എല്ലാ കോൺഗ്രസ് എം.എൽ.എമാർക്കും ഒപ്പം താനും എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് കോൺഗ്രസ് എം.എൽ.എ കെയ്ഷാം മേഘചന്ദ്രയും എക്സിൽ കുറിച്ചു.

എന്നാൽ, രാജിവെക്കേണ്ടത് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.

സംഘർഷ കലുഷിതമായ മണിപ്പൂരിൽ ബി.ജെ.പി സഖ്യ സർക്കാറിനുള്ള പിന്തുണ നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) പിൻവലിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കി‍യത്. സംസ്ഥാനത്ത് കോൺഗ്രസിന് അഞ്ച് അംഗങ്ങളാണുള്ളത്.

അതേസമയം, മണിപ്പൂരിലെ സംഭവ വികാസങ്ങൾ അസ്വസ്ഥ ഉണ്ടാക്കുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഇനിയെങ്കിലും സംഭവ സ്ഥലം സന്ദർശിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണം. സമാധാന പുനഃസ്ഥാപനത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറ്റപ്പെടുത്തി. മണിപ്പൂരിലെ ജനങ്ങൾ സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്. ബി.ജെ.പിയുടെ വിദ്വേഷ, വിഭജന രാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പൂരെന്നും ഖാർഗെ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.

നവംബർ ഏഴിന് ശേഷം കുറഞ്ഞത് 17 പേർക്കെങ്കിലും കലാപത്തിൽ ജീവൻ നഷ്ടപെട്ടു. സംഘർഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തികളിലേക്ക് വ്യാപിക്കുകയാണ്. മണിപ്പൂരിലെ പ്രശ്നം പരിഹരിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടുവെന്നും ഖാർഗെ പറഞ്ഞു.

യുദ്ധം നിറുത്തി ലോകത്തിന്റെ മുഴുവൻ സമാധാന അംബാസിഡറാകുമെന്ന പ്രചാരണം നടത്തുന്ന മോദിക്ക് സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനത്ത് അത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഒന്നര വർഷമായി ഒരു സംസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. കൊലപാതകങ്ങളും ബലാത്സംഗങ്ങളും തുടരെ നടക്കുന്നു. സ്ത്രീകളും കുട്ടികളും അക്രമത്തിന് ഇരകളാകുന്നു.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയുമടക്കം വീടുകൾ അക്രമിക്കപ്പെടുകയാണ്. ബി.ജെ.പി എം.എം.എൽ.എമാർ തന്നെ സർക്കാരിനെതി​രെ രംഗത്തെത്തി. തുടരെ റാലികളും വിദേശ പര്യടനങ്ങളും നടത്തുന്ന മോദിക്ക് മണിപ്പൂരിലേക്ക് പോകാൻ സമയമി​​ല്ലാത്തത് ഖേദകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ വംശീയ കലാപം അവസാനിപ്പിക്കുന്നതിൽ എൻ. ബിരേൻ സിങ് സർക്കാർ പരാജയപ്പെട്ടതായി ആരോപിച്ചാണ് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എൻ.പി.പി പിന്തുണ പിൻവലിച്ചത്. അതേസമയം, നിയമസഭയിൽ ഒറ്റക്ക് ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് എൻ.പി.പിയുടെ പിന്മാറ്റം ഭീഷണിയാവില്ല.

60 അംഗ നിയമസഭയിൽ എൻ.പി.പിക്ക് ഏഴ് എം.എൽ.എമാരാണുള്ളത്. ബി.ജെ.പിക്ക് 32 സീറ്റും എൻ.ഡി.എ സഖ്യത്തിലെ മറ്റു കക്ഷികളായ ജെ.ഡി.യുവിന് ആറും നാഗാ പീപ്ൾസ് ഫ്രണ്ടിന് (എൻ.പി.എഫ്) അഞ്ചും സീറ്റാണുള്ളത്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും സഖ്യത്തിനുണ്ട്. രണ്ട് അംഗങ്ങളുള്ള കുക്കി പീപ്ൾസ് അലയൻസ് (കെ.പി.എ) കഴിഞ്ഞ വർഷം എൻ.ഡി.എ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress MLAsManipur IssueO Ibobi Singh
News Summary - Manipur Congress MLAs Offer To Resign As Violence Peaks
Next Story