മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടി; കർഫ്യൂവിൽ ഇളവ്
text_fieldsഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവന നിരോധനം മൂന്നു ദിവസത്തേക്കുകൂടി നീട്ടി. ഏഴു ജില്ലകളിലാണ് ഉത്തരവ് ബാധകമാവുക. ഈമാസം 16ന് രണ്ടുദിവസത്തേക്ക് ഏർപ്പെടുത്തിയ നിരോധനം പിന്നീട് ഒരു തവണ നീട്ടിയിരുന്നു. അതാണ് വീണ്ടും നീട്ടാൻ തീരുമാനിച്ചത്. നിലവിലെ ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.
അതിനിടെ, ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റുമായി മണിപ്പൂരിലെ വിവിധ ജില്ലകളിൽ എല്ലാ ദിവസവും കാലത്ത് അഞ്ചു മണി മുതൽ പത്ത് വരെ അഞ്ച് മണിക്കൂർ കർഫ്യൂവിൽ ഇളവുവരുത്തി സർക്കാർ ഉത്തരവായി. ഇംഫാൽ താഴ്വരയിലെ സ്കൂളും കോളജുകളും ഈ മാസം 23 വരെ അടച്ചിടും. ഈ മാസം 16 മുതൽ താഴ്വരയിലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല.
അതിനിടെ, ജിരിബാം ജില്ലയിൽ മെയ്തേയി വിഭാഗത്തിൽ പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തെ കുക്കി സംഘടനയായ ‘ദ കുകി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ്’ (കെ.ഒ.എച്ച്.യു.ആർ) ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് വീണ്ടും വലിയ കലാപങ്ങൾക്ക് വഴിവെച്ച സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ ഭരണകൂടം ശക്തമായ നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കലാപം തുടങ്ങിയതുമുതൽ നിരവധി കുക്കി വംശജരെ കൊന്നവർക്കെതിരെയും നടപടി വേണം. യുദ്ധത്തിൽപോലും സാധാരണ മനുഷ്യരെ കൊല്ലരുതെന്നാണ് തങ്ങളുടെ നയം. മെയ്തേയി വിഭാഗക്കാർ കൊല്ലപ്പെടുമ്പോൾ മാത്രമാണ് സംസ്ഥാന സർക്കാറും ദേശീയ മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധിക്കുന്നത്. നിരവധി കുക്കി വിഭാഗക്കാരെയാണ് മൃഗങ്ങളെപ്പോലെ വേട്ടയാടി കൊന്നത്. ഇതെല്ലാം അന്വേഷിക്കണം -സംഘടന തുടർന്നു.
സാധാരണക്കാരെ കൊലപ്പെടുത്തിയ കുക്കി വിഭാഗക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന എൻ.ഡി.എ എം.എൽ.എമാരുടെ പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സമരം ഒരാഴ്ചത്തേക്ക് പിൻവലിച്ചതായി ഇംഫാൽ താഴ്വരയിലെ ജനങ്ങളുടെ പൗരസംഘടനയായ ‘കൊകോമി’ അറിയിച്ചു. സൈനിക പ്രത്യേകാധികാര നിയമം (അഫ്സ്പ) വീണ്ടും നടപ്പാക്കിയത് പിൻവലിക്കണമെന്നും സംഘടന കോഓഡിനേറ്റർ സോമൊരേന്ദ്രോ തൊക്ചോം ആവശ്യപ്പെട്ടു.
കൊലയാളികളെ പിടികൂടുമെന്ന് ബിരേൻ സിങ്
ഇംഫാൽ: കുക്കി സായുധസംഘം ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. കൊല്ലപ്പെട്ട മൂന്നു സ്ത്രീകളുടെയും മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയിലെ പുഴയിൽനിന്നാണ് കണ്ടെടുത്തത്.
ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് മുഖ്യമന്ത്രി ‘എക്സിൽ’ പോസ്റ്റ്ചെയ്ത വിഡിയോയിൽ വ്യക്തമാക്കി. കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന ആറുപേരെയാണ് നവംബർ 11ന് തട്ടിക്കൊണ്ടുപോയത്. ഇവരുടെ മൃതദേഹങ്ങളാണ് പിന്നീട് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.